സമരംചെയ്ത വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി, ബി.ഡി.ജെ.എസ് നേതാവിനെതിരെ കേസ്

കായംകുളം: പഠനസൗകര്യത്തിന് കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവിനെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 31നായിരുന്നു സംഭവം. കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഈ സമയത്ത് എത്തിയ സുഭാഷ് വാസു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 40ഓളം വിദ്യാര്‍ഥിനികളാണ് പരാതിയില്‍ ഒപ്പിട്ടത്. ഇതില്‍ ഒരാളുടെ മൊഴി സ്വീകരിച്ചാണ് കേസ്. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണത്തിനുശേഷം കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
കാമ്പസില്‍ സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതി വ്യാപകമാണ്. ഇതിനായി ഗുണ്ടകളെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥനയും നിഷേധിക്കുന്നു. കോളജിലെ അതിക്രമങ്ങള്‍ വിദ്യാര്‍ഥികള്‍ ഭയംകാരണം  പുറത്തുപറഞ്ഞിരുന്നില്ല. മാരകമായി മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ സുഹൃത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വിഷയത്തില്‍ പ്രതികരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. എസ്.എഫ്.ഐ സമരം ഏറ്റെടുത്തതോടെയാണ് പെണ്‍കുട്ടികള്‍ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള മാനേജ്മെന്‍റിന്‍െറ ശ്രമം പൊളിഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ കേസില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചതോടെ എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് കൂടിയായ സുഭാഷ് വാസുവിനെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവുകയായിരുന്നു. സമരത്തെ പിന്തുണക്കാന്‍ സി.പി.എം ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സമര സമിതിയും രൂപവത്കരിച്ചു. കോളജിന്‍െറ മറവില്‍ പൊതുവഴി കെട്ടിയടച്ചതില്‍ മാനേജ്മെന്‍റും സി.പി.എമ്മും തമ്മില്‍ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. കെ.എസ്.യുവും കോളജിനെതിരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.