വെള്ളരിക്കുണ്ട് (കാസർകോട്): കാസർകോട് ബളാലിൽ അരിങ്കല്ലിലെ ആൻമരിയയെ ഇല്ലാതാക്കിയത് ആർഭാട ജീവിതത്തിന് തടസമായി നിന്നതിനെന്ന് ആൽബിൻ ബെന്നിയുടെ മൊഴി. മറ്റാരുടെയും പ്രേരണയോ സഹായമോ ഇല്ലായെന്നും ആൽബിൻ പൊലീസിനോട് പറഞ്ഞു. വെള്ളരിക്കുണ്ടിലെ ഒരു ഹോട്ടലിലും ബേക്കറിയിലും ജോലി ചെയ്തിരുന്നു. ബേക്കറിയിൽ സാമ്പത്തിക ഇടപാടിൽ കൃത്രിമം കാണിച്ചതിന് അവിടെ നിന്നും പുറത്താക്കുകയായിരുന്നു. അതിനുശേഷം കോയമ്പത്തൂരിൽ ഹോട്ടൽ ജോലിയായിരുന്നു. തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ജോലിക്ക് പോകാതെ മുഴുവൻ സമയവും മൊബൈൽ ഫോണിൽ കളിക്കുന്നതിനെ ചൊല്ലി വീട്ടുകാരുമായി തർക്കവും പതിവായിരുന്നു. കാമുകിയുമൊത്ത് ഒരുമിച്ച് ജീവിക്കാൻ വീട്ടുകാർ തടസം നിന്നതോടെ അവരെ ഇല്ലാതാക്കി അഞ്ചേക്കർ സ്ഥലവും വീടും കൈക്കലാക്കി ആർഭാട ജീവിതം നയിക്കാനായിരുന്നു തീരുമാനം. ഇതിനായി ഐസ്ക്രീമിൽ വിഷം കലർത്തി നൽകുകയായിരുന്നു.
പ്രതിയായ ആൽബിന് കോവിഡ് 19 ആൻറിജൻ പരിശോധന ഫലം നെഗറ്റീവാണെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. കോവിഡ് പരിശോധക്കായി പി.എച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. എസ്.എസ്. രാജശ്രി, ഡോ. ജി. പ്രദിത, ഹെൽത്ത് ഇൻസ്പക്ടർ അജിത്ത് സി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു പരിശോധന.
സ്വന്തം മകൻ വിഷം നൽകിയതാണെന്ന് അറിയാതെ പിതാവ് ആശുപത്രിയിൽ. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് പിതാവിനെ കാണാൻ ആശുപത്രിയിൽ എത്തിയ മകൻ ആൽബിനെ പിതാവ് ഇത് സാധാരണ ഭക്ഷണത്തിൽ നിന്നും പറ്റുന്നതാണെന്നും നീ ഒന്നുകൊണ്ടും പ്രയാസപ്പെടരുതെന്നും എല്ലാം ശരിയാകും നന്നായി ജീവിക്കണംമെന്നും മകനെ അനുഗ്രഹിച്ചാണ് വിട്ടത്. വീട്ടിലെത്തി പിറ്റെന്നു തന്നെ പൊലീസ് ചോദ്യം ചെയ്യലിലും സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ പരിശോധനയിലുമാണ് ആൽബിെൻറ മേൽ കുരുക്ക് മുറുകിയത്. സൈബർ സെൽ പരിശോധനയിൽ കഴിഞ്ഞ കുറെ നാളുകളായി ഗൂഗിളിൽ വിഷം നൽകി കൊല്ലുന്നത് എങ്ങനെയെന്ന് നീരിക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മകൻ ഐസ്ക്രീമിൽ വിഷം കലർത്തി നൽകി ഗുരുതര നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പിതാവ് ഓലിക്കൽ ബെന്നിയുടെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ആശുപത്രി വിട്ട മാതാവ് ബെസി ബന്ധുവീട്ടിലുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.