ഈഞ്ചക്കൽ - വള്ളക്കടവ് റോഡിലെ വെള്ളക്കെട്ട് : മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം : കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്നു തവണ അറ്റകുറ്റപണി നടത്തിയിട്ടും കഴിഞ്ഞ മഴയിൽ പുഴ പോലെയായ ഈഞ്ചക്കൽ - വള്ളക്കടവ് റോഡിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് (റോഡ്സ് വിഭാഗം) വകുപ്പ് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.

എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടു കടന്നു പോകുന്ന റോഡ് രണ്ടു മാസങ്ങൾക്കു മുമ്പ് സിറ്റി ഗ്യാസ് കണക്ഷനു വേണ്ടി പലഭാഗത്തായി വെട്ടിപൊളിച്ചിരുന്നു. അറ്റകുറ്റപണികൾക്കായി കരാറെടുത്തവർ അശാസ്ത്രീയമായി ടാർ ചെയ്തതും വെള്ളക്കെട്ടിന് കാരണമായതായി പരാതിയിൽ പറയുന്നു..

ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. ഈഞ്ചക്കലിൽ നിന്ന് വള്ളക്കടവ്, വലിയതുറ, ബീമാപള്ളി, എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണ് ഇത്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - Vellkattu on Eenchakal - Vallakadav Road: Human Rights Commission has filed a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.