''ഗിരിജയും രാകേഷും ഇന്ന് അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകും, എല്ലാവരും വരണം'' -വ്യത്യസ്‍തമായൊരു കല്യാണക്കുറിയുമായി വേങ്ങര മുസ്‍ലിം ലീഗ്

വേങ്ങര: ഇന്നാണ് വേങ്ങ​ര മനാട്ടിപറമ്പ് റോസ് മാനർ ​അഗതിമന്ദിരത്തിലെ ഗിരിജയും എടയൂർ ചന്ദനപറമ്പിൽ രാകേഷും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ആളുകളെ ക്ഷണിച്ചുകൊണ്ട് വേങ്ങര 12ാം വാർഡ് മുസ്‍ലിം ലീഗ്,യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റി തയാറാക്കിയ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കയാണ്. അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം.

ഇവർ തമ്മിലുള്ള വിവാഹം മംഗളമാക്കാനും ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ ഒരുക്കിയ സദ്യ കഴിക്കാനും എല്ലാവരും കുടുംബ സമേതം എത്തണമെന്നാണ് ലീഗ് കമ്മിറ്റി ക്ഷണിച്ചിരിക്കുന്നത്. രാവിലെ എട്ടരക്കും ഒമ്പതിനും മധ്യേയാണ് മുഹൂർത്തം. എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് വിവാഹം.

താലികെട്ടിന് ശേഷം ക്ഷേത്ര പരിസരത്ത് നടക്കുന്ന ആശിർവാദ ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇടി മുഹമ്മദ് ബഷീർ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, എ.പി ഉണ്ണികൃഷ്ണൻ, ടി.പി.എം ബഷീർ, മറ്റ് ജന പ്രതിനിധികൾ, വിവിധ മത - രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 



 


വലിയോറ മനാട്ടിപറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസി ഗിരിജക്ക് നാടൊരുങ്ങിയുള്ള മംഗല്യമാണ്.പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി പാലക്കാട് സ്വദേശിയായ ഗിരിജ അമ്മയോടും അനിയത്തിയോടും ഒപ്പം റോസ് മനാറിലാണ് താമസിക്കുന്നത്. വരൻ രാകേഷുമായുള്ള വിവാഹം ഉറപ്പിക്കുന്നത് മുതൽ മുഴുവൻ കാര്യങ്ങൾക്കും നേത്യത്വം നൽകിയത് റോസ് മാനർ സൂപ്രണ്ട് ധന്യയോടൊപ്പം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തകരാണ്.

നിരവധി മനുഷ്യ സ്നേഹികളുടെ പിന്തുണയോടെ ഗിരിജക്ക് ഉള്ള കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും സംഘടിപ്പിച്ചതിന് പുറമെ 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷമായി റോസ് മനാറിലെ അന്തേവാസികൾക്കുള്ള ഭക്ഷണ ചെലവ് മനാട്ടിപറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് നടന്നു വരുന്നത്. അതോടൊപ്പം നാട്ടുകാരും മറ്റ് മനുഷ്യസ്നേഹികളും പല തരത്തിലുള്ള സഹായമായി റോസ് മനാറിൽ എത്താറുണ്ട്.

Tags:    
News Summary - Vengara Muslim League with a different wedding theme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.