ദിലീപിൻെറ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ്​ അടക്കം പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ ഹൈകോടതി തിങ്കളാഴ്ച രാവിലെ 10.15ന്​ വിധി പറയും. ഹരജിക്കാരുടെയും പ്രോസിക്യൂഷന്‍റെയും വാദം പൂർത്തിയായതിനെത്തുടർന്നാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ വിധി പറയാൻ മാറ്റിയത്​. ദിലീപിന്​ പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ ഹരജിയാണ്​ പരിഗണനയിലുള്ളത്​.

സാധാരണ ഗൂഢാലോചനക്കേസിൽ സാക്ഷികൾ ഉണ്ടാകാറില്ലെങ്കിലും നടൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയതിന്​ ദൃക്സാക്ഷിയുള്ളതായി വെള്ളിയാഴ്ച ഹരജിയിൽ വാദം നടത്തവേ പ്രോസിക്യൂഷനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ്​ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സംവിധായകൻ ബാലചന്ദ്രകുമാർ വിശ്വാസയോഗ്യനായ സാക്ഷിയാണ്​. ഗൂഢാലോചന സംബന്ധിച്ച ശബ്​ദരേഖയടക്കം ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷന്‍റെ പക്കലുണ്ട്​. പ്രതികളുടെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാറിന്‍റെ മൊഴികൾ വസ്തുതാപരവും സ്ഥിരതയുള്ളതുമാണ്.

ചെറിയ ചില വൈരുധ്യങ്ങളുടെ പേരിൽ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുൻപരിചയം ഇല്ല. സമാനതകളില്ലാത്ത കേസാണിതെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് ജനങ്ങൾക്ക് നിയമ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Tags:    
News Summary - verdict on Dileep's anticipatory bail on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.