കൊച്ചി: സംസ്ഥാനത്തെ പഴം, പച്ചക്കറി മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) കടുത്ത പ്രതിസന്ധിയിൽ. ഭരണപരമായ കെടുകാര്യസ്ഥതയും ധൂർത്തുമാണ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനിക്ക് തിരിച്ചടിയായത്. ഇതിനിടയിലും പെൻഷൻ പ്രായം ഉയർത്താനും പ്രധാന തസ്തികകളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനും ഭരണകക്ഷി യൂനിയൻ അണിയറ നീക്കം നടത്തുന്നുമുണ്ട്.
വരുമാനം ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിൽനിന്ന് പിന്നോട്ടുപോയതാണ് വി.എഫ്.പി.സി.കെയുടെ പ്രതിസന്ധിക്ക് കാരണമെന്ന് ചില ജീവനക്കാർതന്നെ പറയുന്നു. ഒന്നര വർഷമായി ശമ്പള വിതരണം താളം തെറ്റിയ അവസ്ഥയിലാണ്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം മാത്രമാണ് നൽകിയത്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി വിഹിതം അടച്ചിട്ട് വർഷങ്ങളായി. പത്താം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാർക്ക് 7.15 കോടി നൽകാനുണ്ട്. ജൈവ പച്ചക്കറി സ്റ്റാളുകൾ, വളം ഉൽപാദന യൂനിറ്റുകൾ, പച്ചക്കറിത്തൈ ഉൽപാദിപ്പിക്കുന്ന മൈക്രോ യൂനിറ്റുകൾ എന്നിവ തുടങ്ങി വരുമാനം കണ്ടെത്താമെന്നിരിക്കെ മൂന്ന് വർഷത്തോളമായി ഇത്തരം പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. പകരം ചിലരുടെ സാമ്പത്തികതാൽപര്യം മുൻനിർത്തി നിർമാണപ്രവർത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നത് എന്നാണ് ആക്ഷേപം. കർഷക പരിശീലന കേന്ദ്രം എന്ന പേരിൽ നാല് കോടി ചെലവിട്ട് കാക്കനാട്ട് നിർമിച്ച കെട്ടിടം ഇനിയും പ്രയോജനപ്പെടുത്താനായിട്ടില്ല.
2021നുശേഷം പ്രതിവർഷം ഏകദേശം അഞ്ച്-എട്ട് കോടി പ്രവർത്തന നഷ്ടവുമായാണ് കമ്പനി മുന്നോട്ടുപോകുന്നത്. കയറ്റുമതിയും ഗണ്യമായി ഇടിഞ്ഞു. സ്റ്റാഫ് റെഗുലേഷൻ ചട്ടം ഭേദഗതി ചെയ്ത് പെൻഷൻ പ്രായം 58ൽനിന്ന് 60 ആക്കാനാണ് നീക്കം. പ്രതിവർഷം 60 കോടിക്ക് മുകളിൽ ഇടപാട് നടക്കുന്ന കമ്പനിയിൽ ഇതുമായി ബന്ധപ്പെട്ട് ഭരണകക്ഷി യൂനിയൻ നേതാക്കൾക്കായി സുപ്രധാന തസ്തികകൾ സൃഷ്ടിക്കുന്നതും വിവാദമായിട്ടുണ്ട്.
ഇതടക്കം തീരുമാനങ്ങൾ ബുധനാഴ്ച കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് അറിയുന്നു. കമ്പനിയുടെ ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) തസ്തികയിൽ സെക്രട്ടേറിയറ്റിലെ ജോയന്റ് സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥൻ വേണമെന്ന മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ തീരുമാനവും അട്ടിമറിക്കപ്പെട്ടു. സ്റ്റോക് പർച്ചേസ് ചട്ടങ്ങളും പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.