കോട്ടയം: മതത്തിന്റെ പേരിലുള്ള വിഭജനങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇത്തരം അതിക്രമങ്ങൾ രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. ഇതിന് വിരുദ്ധമായി ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ പ്രവൃത്തിതന്നെയാണെന്ന് എല്ലാവരും മനസ്സിലാക്കണം. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 150ാം ചരമവാർഷികാഘോഷ സമാപനത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയർന്ന ജാതിയെന്നോ താഴ്ന്ന ജാതിയെന്നോ വേർതിരിവില്ല. ഒരു ജാതിയും വലുതല്ല. പൂർവികർ സ്വീകരിച്ചുപോന്നിരുന്ന മൂല്യങ്ങൾ നാം സംരക്ഷിക്കേണ്ടതുണ്ട്. സഹിഷ്ണുതയോടെ എല്ലാവരെയും ഒരുമിച്ച് നിർത്തണം. മതത്തിന്റെ പേരിൽ ആരെയും അകറ്റിനിർത്താനോ അവഹേളിക്കാനോ പാടില്ല. എല്ലാവർക്കും ജീവിക്കാനും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനും അവകാശമുണ്ട്. മറ്റ് മതങ്ങളെ മുറിവേൽപിക്കുന്നത് അംഗീകരിക്കാനാവില്ല. മതേതരത്വം നമ്മുടെ രക്തത്തിന്റെ ഭാഗമാണ്. എല്ലാവരെയും കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.
പ്രകൃതിയോട് ചേർന്ന് നീങ്ങുന്നതിനൊപ്പം ശാരീരിക പ്രതിരോധത്തിനും മുൻഗണന നൽകണം. വ്യായാമത്തിനും യോഗക്കും മതമില്ല. മാധ്യമങ്ങൾ സെൻസേഷനുകൾക്ക് പിന്നാലെ പായുമ്പോൾ സെൻസ് ഇല്ലാതാവുകയാണ്. വാർത്തയും വീക്ഷണവും രണ്ടാണ്. അത് രണ്ടായിത്തന്നെ നൽകാൻ മാധ്യമങ്ങൾ ശ്രമിക്കണം.
വ്യക്തിത്വവും കാഴ്ചപ്പാടുകളും കത്തോലിക്ക വിശ്വാസത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണെങ്കിലും സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലുള്ള ചാവറയച്ചന്റെ സംഭാവനകൾ സ്വന്തം സമുദായത്തിലെ ജനങ്ങളെ മാത്രം ലക്ഷ്യമിട്ടായിരുന്നില്ല. 1846ൽ മാന്നാനത്ത് സംസ്കൃത വിദ്യാലയം സ്ഥാപിക്കുകവഴി അദ്ദേഹത്തിന്റെ തുറന്ന മനസ്സും എല്ലാത്തിനെയും ഉൾക്കൊള്ളുന്ന മനോഭാവവും വ്യക്തമായിരുന്നു. ഇതിലൂടെ അദ്ദേഹം ജാതി-ലിംഗ-മതഭേദമന്യേ എല്ലാവർക്കും സംസ്കൃതപഠനം സാധ്യമാക്കി. വിദ്യാഭ്യാസം, സാമൂഹികനീതി, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണ്. ചാവറയച്ചന്റെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ഊർജം ഉൾക്കാണ്ടുള്ള വിപ്ലവകരമായ ഈ മാതൃക പിന്തുടർന്ന് എല്ലാ സംസ്ഥാനങ്ങൾക്കും പുരോഗതി കൈവരിക്കാനാകും. മതസൗഹാർദവും സഹിഷ്ണുതയും നിലനിർത്തുന്നതിൽ ചാവറയച്ചന്റെ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.