കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശങ്ങളിലേക്ക് കടന്ന ചിലർ വ്യവസായ മേഖലയിലുള്ളവരുടെ സൽപേരിന് കോട്ടം തട്ടിച്ചെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്തിന്റെ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ച് പുറത്തുപോയ ഇവർ ഇവിടത്തെ നിയമങ്ങളെ വെല്ലുവിളിക്കുകയാണ്. രാജ്യത്തെ നിയമങ്ങൾ മോശമാണെന്നും ജയിലുകളിൽ സൗകര്യങ്ങൾ ഇല്ലെന്നുപോലും പറയുന്നു. രാജ്യസ്നേഹം എന്നത് രാജ്യത്തെ നിയമങ്ങളും ചട്ടക്കൂടുകളും അംഗീകരിക്കലും പരസ്പരം ബഹുമാനം നൽകലുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കെട്ടിട ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ് മേഖലയിൽ ഉള്ളവർക്ക് രാജ്യത്തിന്റെ നിയമങ്ങൾ പിന്തുടരാൻ വഴികാണിക്കുന്നവരാകണം ചാർട്ടേർഡ് അക്കൗണ്ടന്റുമാർ. നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള മോശം പ്രവണതകളിലേക്ക് വ്യവസായികളെ നയിക്കരുത്. എല്ലാ നവീകരണത്തിന്റെയും ആത്യന്തിക ലക്ഷ്യം ജനത്തിന്റെ നന്മയാകണം. സാമ്പത്തിക മേഖലയെ സാങ്കേതികമികവുമായി ബന്ധിപ്പിക്കുന്നതിലൂടെ ജനത്തിന്റെ അഭിവൃദ്ധിയാണ് സംഭവിക്കുന്നത്. ഇടനിലക്കാരില്ലാതെ നേരിട്ട് ജനത്തിലേക്ക് ആനുകൂല്യം എത്തിക്കുന്നത് ഇതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി പി. രാജീവ്, എം.പിമാരായ ഹൈബി ഈഡൻ, തോമസ് ചാഴികാടൻ, മേയർ എം. അനിൽകുമാർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഐ.സി.എ.ഐ പ്രസിഡന്റ് നിഹാർ എൻ. ജമ്പുസരിയ, വൈസ് പ്രസിഡന്റ് ഡോ. ദേബാശിഷ് മിത്ര, രഞ്ജിത് ആർ. വാര്യർ, ബാബു എബ്രഹാം കള്ളിവയലിൽ എന്നിവർ പങ്കെടുത്തു.
നാലുദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ഹൈദരാബാദിലേക്ക് മടങ്ങി. കൊച്ചി നാവിക സേന വിഭാഗത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ മടങ്ങിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.