തിരുവനന്തപുരം: നീതി തേടിയും നിസ്സഹായത ബോധ്യപ്പെടുത്തിയും എൻഡോസൾഫാൻ ദുതിതബാധിതർ വീണ്ടും സെക്രേട്ടറിയറ്റിന് മുന്നിൽ. എൻഡോസൾഫാൻ ഇരകളുടെ അനന്തമായി തുടരുന്ന പോരാട്ടങ്ങളിലെ ഒടുവിലെ സമരമുഖമാണ് വേദന കടിച്ചമർത്തിയും തലസ്ഥാനത്ത് നടന്ന കുത്തിയിരിപ്പ് സമരം.
ദുരിതബാധിത പദ്ധതികളെ അട്ടിമറിക്കാൻ സാമൂഹികനീതി വകുപ്പിനുമുന്നിൽ മുൻ ജില്ല കലക്ടർ നൽകിയ റിപ്പോർട്ട് തള്ളുക, മുഴുവൻ എൻഡോ സൾഫാൻദുരിതബാധിതർക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതി നേതൃത്വത്തിലെ ഏകദിന സമരം.
കവി വി. മധുസൂദനൻ നായർ സമരം ഉദ്ഘാടനം ചെയതു. ഇരകൾക്ക് നീതി കിട്ടാൻ കേരളം ഒരു മനസ്സോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമരത്തെ അഭിവാദ്യം ചെയ്തു.
ജില്ല കലക്ടറുടെ ജോലി സർക്കാർ പദ്ധതികൾ നടപ്പാക്കലാണെന്നും കാസർകോട് എൻഡോസൾഫാൻ പുനരധിവാസ പദ്ധതികൾ അട്ടിമറിക്കാനായി കലക്ടർ തയാറാക്കിയ റിപ്പോർട്ടിനെക്കുറിച്ച് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു. പുനരധിവാസത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും തെറ്റായ വാദങ്ങൾ നിരത്തി ദുരിതബാധിതരെ അവഹേളിക്കരുതെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ശിൽപി സുരേന്ദ്രൻ കൂക്കാനം ശരീരം ഒപ്പ് കാൻവാസാക്കി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മുനീസ അമ്പലത്തറ ആമുഖഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, പ്രഫ. ബി. രാജീവൻ, സി.പി. ജോൺ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ആർ. അജയൻ, പ്രഫ. ബാബു ജോൺ, എം. മനോജ് കുമാർ, സിയാദ് തളിക്കോട്, എം. ഷാഫി, ആർ. കുമാർ, സുരേന്ദ്രൻ കരിപ്പുഴ, ഷൈല കെ. ജോൺ, മുംതാസ് ബീഗം, മഹേഷ് തോന്നയ്ക്കൽ എന്നിവർ അഭിവാദ്യം ചെയ്തു. ഐക്യദാർഢ്യ സമിതി ചെയർപേഴ്സൺ സോണിയ ജോർജ് അധ്യക്ഷത വഹിച്ചു.
ഉമ്മൻ ജെ. മേടാരം ഐക്യദാർഢ്യ മാജിക് അവതരിപ്പിച്ചു. ഷൈലജ അൻപുവും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു. ഐക്യദാർഢ്യസമിതി കൺവീനർ എം. സുൽഫത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.