ilango

ആർ. ഇളങ്കോ

ഗുരുവായൂരിലെ സമൂഹസ്പർധ വളര്‍ത്തുന്ന വിഡിയോ: ഹോട്ടലുടമക്കെതിരെ ആദ്യം കേസെടുത്തിരുന്നുവെന്ന് പൊലീസ്

ഗുരുവായൂര്‍: സമൂഹസ്പർധ വളര്‍ത്തുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ച വിഷയത്തില്‍ ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഹോട്ടലുടമക്കെതിരെയാണ് ആദ്യം കേസെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. തുളസിത്തറയെ അപമാനിക്കുന്നു എന്ന വിധത്തിലുള്ള വിഡിയോ പൊലീസിന്റെ ശ്രദ്ധയില്‍പെട്ട ഉടന്‍ സമൂഹസ്പർധക്കെതിരായ വകുപ്പില്‍ ഹോട്ടലുടമ ചാവക്കാട് അകലാട് സ്വദേശി അബ്ദുൽ ഹക്കീമിനെതിരെ കേസെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിന്റെ ഭാഗമായി വിദ്വേഷ കമന്റോടെ വിഡിയോ പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി ശ്രീരാജിനെതിരെയും കേസെടുക്കുകയായിരുന്നുവെന്ന് കമീഷണര്‍ പറഞ്ഞു.

2025 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നുതന്നെ അബ്ദുൽ ഹക്കീമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഈ വിഡിയോ പ്രചരിപ്പിച്ചാലും വിദ്വേഷം നിറഞ്ഞ കമന്റുകളിട്ടാലും സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിച്ച് കര്‍ശന നടപടി ഉണ്ടായിരിക്കുമെന്നും അറിയിച്ചു. സ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള കമന്റോടുകൂടി വിഡിയോ പ്രചരിപ്പിച്ചതായി ശ്രദ്ധയിൽപെട്ടപ്പോഴാണ് ആലപ്പുഴ സ്വദേശി ശ്രീരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ശ്രീരാജിന് കോടതി ജാമ്യം അനുവദിച്ചു.

തുളസിത്തറയിലെ പ്രവൃത്തിയില്‍ ഹോട്ടലുടമക്കെതിരെ പൊലീസ് നിയമനടപടി കൈക്കൊള്ളണമെന്ന് ഹൈകോടതി പരാമര്‍ശിച്ചിരുന്നു. വിഡിയോയിലെ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയതില്‍ പ്രതി വര്‍ഷങ്ങളായി മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സയിലുണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചതിനാല്‍ പ്രതിയെ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെ കോട്ടയിലെ ആശുപത്രിയില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട ചികിത്സരേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും നിലവില്‍ പ്രതി പെരിന്തല്‍മണ്ണയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണെന്നും കമീഷണര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.