പാലക്കാട്: അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നേടാൻ മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ എക്സ്പീരിയൻ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്ക് ജാമ്യം. മണ്ണാർക്കാട് മുൻസിഫ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.
50,000 രൂപയുടെ രണ്ട് ആൾജാമ്യം, കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, രണ്ടാഴ്ച കൂടുമ്പോൾ പൊലീസിന് മുന്നിൽ ഹാജരാകണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നും വിദ്യ കോടതിയോട് അഭ്യർഥിച്ചിരുന്നു. വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്നും മഹാരാജാസ് കോളേജിൽ നിന്ന് പി.ജിക്ക് റാങ്ക് നേടിയാണ് താൻ വിജയിച്ചതെന്നും വിദ്യ കോടതിയിൽ പറഞ്ഞിരുന്നു.
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യയെ കസ്റ്റഡിയിൽ എടുക്കാൻ കോടതി അനുമതി നൽകിയെങ്കിലും അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത്.
ജൂൺ ആറിനാണ് വ്യാജ രേഖ കേസിൽ അഗളി പൊലീസ് വിദ്യക്കെതിരെ കേസെടുത്തത്. കരിന്തളം ഗവ. കോളജില്‍ വ്യാജരേഖ ഹാജരാക്കി ജോലി നേടിയെന്ന പരാതിയിൽ നീലേശ്വരം പൊലീസും കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് വടകരയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.