തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് വെള്ളപൂശി റിപ്പോർട്ട് നൽകിയത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് നോട്ടീസയച്ചു.
എസ്.എൻ.ഡി.പി യൂനിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് വി.എസിന്റെ പരാതി. പിന്നാക്ക ക്ഷേമ കോർപറേഷനിൽനിന്ന് വായ്പയെടുത്ത് കൂടിയ പലിശക്ക് നൽകിയെന്നും പരാതിയിലുണ്ടായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.
ഹൈകോടതി നിർദേശ പ്രകാരം എറണാകുളം റേഞ്ച് എസ്.പി ഹിമേന്ദ്രനാഥാണ് അന്വേഷണം ഏകോപിച്ചത്. വിജിലൻസ് അന്വേഷിച്ചതിൽ അഞ്ചുകേസുകളാണ് എഴുതിത്തള്ളാൻ തീരുമാനിച്ചത്. വായ്പ നൽകിയ പണം സർക്കാറിലേക്ക് തിരിച്ചടച്ചെന്നും കൂടുതൽ പലിശക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിന്റെ ഭാഷ്യം. 54 കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇതിലും റിപ്പോർട്ട് വെള്ളാപ്പള്ളിക്ക് അനുകൂലമാണെന്നാണ് സൂചന.
മൈക്രോ ഫിനാൻസ് കേസിൽ വിജിലൻസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ വി.എസാണ് ഹൈകോടതിയെ സമീപിച്ചത്. ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പം ചേർന്നതോടെ വെള്ളാപ്പള്ളിക്കെതിരെ സി.പി.എം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാറാണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. അതിനിടെയാണ് വെള്ളാപ്പള്ളിയെ കേരള നവോത്ഥാന സംരക്ഷണ സമിതി ചെയർമാനായി സർക്കാർ നിയമിച്ചത്. പണം തിരിച്ചടച്ചാണ് വിജിലൻസ് അന്വേഷണത്തിൽനിന്ന് തലയൂരിയത്. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസും പിന്നാക്കംപോയി. മൈക്രോ ഫിനാൻസ് നടത്തിപ്പിന്റെ കോഓഡിനേറ്ററായിരുന്ന മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനുപിന്നിൽ വെളളാപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഈ ആത്മഹത്യക്കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.