കൊച്ചി: ഐ.എ.എസിന് ശിപാർശ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നതടക്കം ആരോപിച്ച് വിരമിച്ച ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ത്വരിതാന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. 1987ൽ നേരിട്ട് ഡെപ്യൂട്ടി കലക്ടറായി സർവിസിൽ പ്രവേശിച്ച് 33 വർഷത്തെ സേവനത്തിനുശേഷം അതേ തസ്തികയിൽ വിരമിച്ച തൃശൂർ മണ്ണുത്തി സ്വദേശി കെ.വി. മുരളീധരൻ നൽകിയ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് കെ. ബാബു റദ്ദാക്കിയത്.
ഗുരുതര സ്വഭാവമുള്ള അച്ചടക്ക നടപടികൾ നിലനിന്നിരുന്നതിനാലാണ് സെലക്ഷൻ കമ്മിറ്റി ഹരജിക്കാരനെ പരിഗണിക്കാതിരുന്നതെന്നും വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
2020ൽ സർവിസിൽനിന്ന് വിരമിച്ചശേഷം എല്ലാ അച്ചടക്ക നടപടികളും അവസാനിപ്പിച്ചതാണെന്നും 2022 ൽ ഐ.എ.എസ് കിട്ടുന്നതിനുവേണ്ടി സർക്കാറിന് അപേക്ഷ സമർപ്പിച്ചെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, ഇത് അന്നത്തെ ചീഫ് സെക്രട്ടറി യു.പി.എസ്.സിക്ക് അയച്ചില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമായിരുന്നു മുരളീധരന്റെ പരാതി.
ഫയൽ അയക്കാതിരുന്നതിനെക്കുറിച്ച് അന്വേഷിച്ചു ചെന്ന തന്നോട് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറിലെ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപിച്ചു. ഇതെല്ലാം പരിഗണിച്ചായിരുന്നു അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.