എച്ച്.ആർ.ഡി.എസിന്‍റെ തൊടുപുഴ ഓഫിസിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

എച്ച്.ആർ.ഡി.എസ് ഓഫിസുകളിൽ വിജിലൻസ് പരിശോധന; അട്ടപ്പാടിയിൽ വിലക്ക്

പാലക്കാട്/ തൊടുപുഴ:: അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ചുനൽകുന്നതിൽനിന്ന് എൻ.ജി.ഒ ആയ എച്ച്.ആർ.ഡി.എസിനെ വിലക്കി സർക്കാർ. പ്രകൃതിക്ക് ചേരാത്ത വീടുകൾ നിർമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അട്ടപ്പാടി നോഡൽ ഓഫിസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി.

പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥക്ക് ഇണങ്ങുന്നതല്ല എന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. നിർമാണപ്രവർത്തനങ്ങൾ നിർത്തിയതായി രണ്ട് ദിവസത്തിനകം രേഖമൂലം അറിയിക്കണം എന്നും നിർദേശമുണ്ട്. എച്ച്.ആർ.ഡി.എസിന്‍റെ പാലക്കാട്,കണ്ണൂർ, തൊടുപുഴ, ഓഫിസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി. പദ്ധതി ക്രമക്കേടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തിരുവവന്തപുരത്തുനിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെത്തുടർന്ന് എച്ച്.ആർ.ഡി.എസ് വിവാദത്തിലായയിരുന്നു.

റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന യുവകേരളം, കേന്ദ്രസർക്കാറിന്‍റെ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന എന്നീ പദ്ധതികളുടെ നിർവഹണത്തിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസിന് ലഭിച്ചിരുന്നു.

എച്ച്.ആർ.ഡി.എസ് 'സദ്ഗൃഹ' പദ്ധതിയിലൂടെ നടത്തുന്ന വീട് നിർമാണം പരിശോധിക്കാൻ പട്ടികജാതി-വർഗ കമീഷനും നിർദേശിച്ചിരുന്നു. ആദിവാസികളെ കൈയേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ നേരത്തേ എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഷോളയൂർ പൊലീസ് കേസെടുത്തിരുന്നു. ഷോളയൂരിലെ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപെട്ട രാമൻ എന്നയാളുടെ ഭൂമി കൈയേറിയതിനായിരുന്നു കേസ്.

ഈ കേസിൽ അജി കൃഷ്ണൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കോടതി ജാമ്യം നൽകി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിന് ജോലി നൽകിയതിലുള്ള പ്രതികാരമാണ് ഈ കേസിന് പിന്നിലെന്ന് എച്ച്.ആർ.ഡി.എസ് ആരോപിച്ചിരുന്നു.

ഓഫിസുകളിൽ നിന്ന് ചില രേഖകൾ അന്വേഷണസംഘം കണ്ടെടുത്തു. പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും എച്ച്.ആർ.‍ഡി.എസ് വ്യക്തമാക്കി.


Tags:    
News Summary - Vigilance inspection at HRDS offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.