കോഴിക്കോട്: ഡ്രൈവിങ് സ്കൂളുകളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കോഴിക്കോട് വിജിലൻസ് റേഞ്ചിന് കീഴിൽ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 14 സ്ഥലത്താണ് പരിശോധന നടന്നത്. ജില്ലയിൽ പരിശോധന നടന്ന അഞ്ച് സ്ഥാപനങ്ങളിലും ക്രമക്കേട് കണ്ടെത്തി. ഡ്രൈവിങ് സ്കൂൾ നടത്തിപ്പിലാണ് പ്രധാനമായും തിരിമറിയുള്ളത്.
കൈക്കൂലിപ്പണം ൈകമാറാനെന്ന് സംശയിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക മലപ്പുറത്തെ ഡ്രൈവിങ് സ്കൂളിൽനിന്ന് പിടിച്ചെടുത്തു. വാഹന വകുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തേണ്ട പരിശോധന പലയിടത്തും നടക്കുന്നില്ലെന്നും വ്യക്തമായി.
സ്കൂൾ നടത്തിപ്പുകാർക്ക് ലൈസൻസ് പുതുക്കി നൽകേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ സ്ഥാപന ഉടമയുടെ പേരിലായിരിക്കണമെന്നാണ് ചട്ടം. ഇക്കാര്യം പലരും പാലിക്കുന്നില്ല. പരിശീലകർ ലൈസൻസ് ടെസ്റ്റ് പാസായിരിക്കണം, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമോ ഡിപ്ലോമയോ കരസ്ഥമാക്കിയിരിക്കണം, അഞ്ചു വർഷം പ്രവൃത്തി പരിചയമുണ്ടാകണം തുടങ്ങിയവയും എവിടെയും പാലിക്കപ്പെട്ടിട്ടില്ല.
ഡ്രൈവിങ് സ്കൂളുകളിൽ പ്രത്യേകം ഓഫിസുണ്ടാകണം. ക്ലാസ് മുറിയിൽ ഗതാഗത നിയമങ്ങളും സിഗ്നലുകളും പ്രദർശിപ്പിക്കണം തുടങ്ങിയവ പാലിക്കുന്നതിലും വീഴ്ചയുണ്ട്. പരിശോധന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് ൈകമാറും. കോഴിക്കോട് റേഞ്ച് എസ്.പി ടി. സജീവെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി ഷാജി വർഗീസ്, സി.ഐമാരായ ഉല്ലാസ്, മനോജ്, ജയൻ, രതീന്ദ്രകുമാർ, ശിവപ്രസാദ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.