സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു; ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി

കോഴിക്കോട്: മോൺസൻ കേസിന്​ പിന്നാലെ കണ്ണൂ​രി​ലെ സ്കൂൾ ഏറ്റെടുക്കാൻ പിരിവ് നടത്തി പണംതട്ടിയെന്ന പരാതിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്കെതിരായ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. സുധാകരന്റെ സ്വത്ത് വിവരങ്ങൾ ശേഖരിക്കുന്ന അന്വേഷണസംഘം ഭാര്യ സ്മിതയുടെ ശമ്പളവിവരങ്ങൾ തേടി അവർ ജോലിചെയ്ത കണ്ണൂർ കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് നോട്ടീസും നൽകി.

സ്മിതയുടെ 2001 ജനുവരി ഒന്നുമുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം ഉടൻ നൽകാനാണ് നിർദേശിച്ചത്. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു 2021ൽ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്​പെഷൽ സെൽ സൂപ്രണ്ട് കെ.പി. അബ്ദുൽ റസാക്കാണ് അന്വേഷണം നടത്തുന്നത്.

പരാതിയിൽ പ്രാഥമിക പരിശോധന നടത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ 2021 സെപ്റ്റംബർ 23നാണ് സർക്കാർ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന് കെ. സുധാകരൻ കോടിക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് പിരിക്കുകയും ചെയ്തെന്നും, സ്കൂൾ ഏറ്റെടുക്കാതെ പിരിച്ച തുക ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകിയില്ലെന്നുമായിരുന്നു പരാതി.

ഈ ഇനത്തിലൂടെ കോടികളുടെ അനധികൃത സമ്പാദ്യം സുധാകരൻ ഉണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന നിലക്കാണ് പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുന്നത്. വിശദ മൊഴി​ രേഖപ്പെടുത്താൻ പരാതിക്കാരൻ പ്രശാന്ത് ബാബുവിനോട് ചൊവ്വാഴ്ച രാവിലെ 11ന് കോഴിക്കോട്ടെ വിജിലൻസ് ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുമുണ്ട്.

Tags:    
News Summary - vigilance investigation started against Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT