തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ബാങ്ക് ലോക്കറിൽനിന്ന് കണ്ടെത്തിയ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന നിലപാടിൽ വിജിലൻസും. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇൗ നിലപാടിൽ എത്തിയത്. ഇതോടെ കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലിന് സമാനമായ നിലയിലേക്കാണ് വിജിലൻസ് അന്വേഷണവും നീങ്ങുന്നത്. സ്വപ്നയുടെ ഇൗ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനും വിജിലൻസ് നടപടി തുടങ്ങി.
വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി ഇടപാട് നടന്നെന്ന് ഉറപ്പിക്കുകയാണ് വിജിലൻസ്. നിർമാണ കരാർ ലഭിച്ച യൂനിടാക്കിൽനിന്ന് െഎ ഫോൺ വാങ്ങിയതു തന്നെ കൈക്കൂലിയായാണ്. പണമായും തുക ലഭിച്ചിട്ടുണ്ട്. അത് കമീഷനായി ലഭിച്ചതെന്നാണ് വിജിലൻസ് സ്ഥിരീകരിക്കുന്നത്. സ്വപ്ന സുരേഷിനെ ജയിലിൽ നടത്തിയ ചോദ്യം ചെയ്യലിൽ കമീഷനായി ലഭിച്ച തുകയാണിതെന്ന് സമ്മതിച്ചതായി വിജിലൻസ് വൃത്തങ്ങൾ പറയുന്നു. പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്ന മൊഴി നൽകിയതായും വിജിലൻസ് വ്യക്തമാക്കുന്നുണ്ട്.
കൈക്കൂലിയായി ലഭിച്ച തുകയാണ് സ്വപ്ന ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നതത്രെ. ചാർേട്ടഡ് അക്കൗണ്ടൻറ് വേണുഗോപാലുമായി ചേർന്നാണ് ലോക്കർ കൈകാര്യം ചെയ്തിരുന്നത്.
കൈക്കൂലിയായി ലഭിച്ച തുക ആർക്കെങ്കിലും കൈമാറാനാണോ ലോക്കറിൽ സൂക്ഷിച്ചിരുന്നെന്ന കാര്യം വിജിലൻസ് വ്യക്തമാക്കുന്നില്ല.
അതേസമയം ശിവശങ്കറിന് പണമിടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ അറിയാമായിരുന്നെന്ന സ്വപ്നയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് വിജിലൻസ് ഉദ്ദേശിക്കുന്നത്. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി േതടി വിജിലൻസ് ഉടൻ കോടതിയെ സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.