കണ്ണൂർ: ജീവനൊടുക്കിയ എ.ഡി.എം കെ. നവീൻ ബാബുവിൽനിന്ന് തിങ്കളാഴ്ച വിജിലൻസ് മൊഴിയെടുത്തിരുന്നു. ശ്രീകണ്ഠപുരം ചെങ്ങളായിയിൽ പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പ്രാഥമിക പരിശോധനയെന്ന നിലയിലാണ് വിജിലൻസ് മൊഴിയെടുത്തത്. കണ്ണൂരിലെ വിജിലൻസ് ഡിവൈ.എസ്.പിയുടെ ഓഫിസിലെത്തിയാണ് തിങ്കളാഴ്ച രാവിലെ എ.ഡി.എം മൊഴി നൽകിയത്. ഇതിന് ശേഷമാണ് വൈകുന്നേരം കലക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിൽ എത്തിയതും ജില്ല പഞ്ചായത്ത് അധ്യക്ഷ അധിക്ഷേപിക്കുന്നതും.
ശേഷം വീട്ടിലേക്ക് മടങ്ങിയ നവീൻ ബാബു വസ്ത്രം മാറിയില്ലെന്നാണ് പൊലീസ് പരിശോധനയിൽ വ്യക്തമായത്. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത അതേ വേഷത്തിൽ ജീവനൊടുക്കുകയായിരുന്നു. തീൻ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, നവീൻബാബുവിന്റെ മരണത്തിനു പിന്നാലെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കുനേരെ സൈബറിടത്തിൽ വൻ രോഷമാണ് ഉയരുന്നത്. ദിവ്യയെ പരിഹസിച്ചും രോഷം പ്രകടിപ്പിച്ചുമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ദിവ്യയുടെ ഫേസ്ബുക് പേജിലെ പോസ്റ്റുകൾക്കു താഴെയും നിരവധി പേർ പ്രതിഷേധ കമന്‍റുകൾ രേഖപ്പെടുത്തുന്നുണ്ട്.
‘കണ്ണൂരിൽ മുൻകാല പ്രാബല്യത്തോടെ കാലന്റെ കൊട്ടേഷൻ വർക്കുകൾ ഏറ്റെടുത്ത് നടത്തുന്ന സഖാത്തി..’, ‘അഭിന്ദനങ്ങൾ ഒരു കുടുബത്തിന്റെ സന്തോഷം നശിപ്പിച്ചതിന്’, ‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര.. മനുഷ്യനാവുകയെങ്കിലും ചെയ്യണം.. നവീൻ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ...’ -ഇങ്ങനെ നീളുന്നു കമന്‍റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.