തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് െബഹ്റ മാസങ്ങളായി വിജിലൻസ് ഡയറക്ടറായി തുടരുന്നത് ചട്ടവിരുദ്ധമായാണെന്ന് വ്യക്തമായി. കാഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി പദവിയിലുള്ള വ്യക്തിയെ നിയമിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണെന്നുള്ള വിവരമാണ് പുറത്തുവന്നത്.
ഹൈകോടതിയിൽനിന്നും നിരവധി തവണ വിമർശനമുണ്ടായിട്ട് പോലും വിജിലൻസ് ഡയറക്ടറെ മാറ്റി നിയമിക്കാൻ സർക്കാർ തയാറായിട്ടുമില്ല. വിജിലൻസ് കമീഷൻ രൂപവത്കരിക്കാനുള്ള ഭരണപരിഷ്കാര കമീഷൻ ശിപാർശയുടെ ചുവടുപിടിച്ച് വിജിലൻസ് ഡയറക്ടർ സ്ഥാനം എക്സ് കാഡർ തസ്തികയാക്കി മാറ്റാനുള്ള ആലോചനയിലാണ് സർക്കാർ. ഇതു വിവാദമായ സാഹചര്യത്തിൽ നിലവിൽ വിജിലൻസ് എ.ഡി.ജി.പിയായ ഷെയ്ഖ് ദർവേശ് സാഹിബിനെ ഡയറക്ടറാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും രണ്ട് തസ്തികകളാണ് കേന്ദ്ര സർക്കാർ അംഗീകരിച്ച കേരളത്തിലെ ഡി.ജി.പിമാരുടെ കാഡർ തസ്തിക.
ഡി.ജി.പി റാങ്കിലെ മറ്റുദ്യോഗസ്ഥർ നിലവിലുള്ളപ്പോൾ കാഡർ തസ്തികയിൽ മറ്റാരെയും നിയമിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. അതിനു പുറമേ, രണ്ട് തസ്തികകൾ ഒരാൾ വഹിക്കുന്നത് അഖിലേന്ത്യ സർവിസ് ചട്ടങ്ങളുടെ ലംഘനമാണ്. ആറു മാസത്തിലധികം കാഡർ തസ്തികയിൽ ആരെയെങ്കിലും നിയമിച്ചാൽ കേന്ദ്ര സർക്കാറിെൻറ അംഗീകാരം വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഇതെല്ലാം കാറ്റിൽ പറത്തിയാണ് കഴിഞ്ഞ 11 മാസമായി ലോക്നാഥ്ബെഹ്റയെ ഇൗ കസേരകളിൽ അവരോധിച്ചിട്ടുള്ളത്.
കേന്ദ്രചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയിട്ടും അനങ്ങാപ്പാറ നയമാണ് ഇൗ വിഷയത്തിൽ സർക്കാർ കൈക്കൊള്ളുന്നത്. ഇത്രയും നാൾ ഇൗ ചട്ടലംഘനം സർക്കാർ ഒളിപ്പിച്ചിരുെന്നങ്കിലും വിവരവാകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് ഇൗ നിയമനം അറിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിയമിക്കാനാവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതിനാലല്ല ഇൗ നിയമനം നടക്കാത്തത്. സർക്കാറിെൻറ ചൊൽപ്പടിക്ക് നിൽക്കാത്ത വിനീത ‘വിധേയരെ’ലഭിക്കാത്തതാണ് ഇതിനു കാരണം. ബെഹ്റക്ക് പുറമേ, സംസ്ഥാനത്ത് ഡി.ജി.പി റാങ്കിൽ 11 ഉദ്യോഗസ്ഥരുണ്ട്. നാലു പേർക്ക് ഏതാനും മാസം മുമ്പാണ് ഡി.ജി.പി പദവി നൽകിയത്.
കേന്ദ്രസർക്കാറിെൻറയും എ.ജിയുടെയും അനുമതി ഇല്ലാത്തതിനാൽ ഇൗ 12 ഡി.ജി.പിമാരിൽ ഒമ്പത് പേരും എ.ഡി.ജി.പിയുടെ ശമ്പളമാണ് വാങ്ങുന്നത്. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവർക്കാണ് കേന്ദ്ര അംഗീകാരമുള്ളത്. ഡി.ജി.പി തസ്തികയിലുള്ള എൻ.സി. അസ്താനയുടെ ഡി.ജി.പി പദവിക്ക് ഇതുവരെ കേന്ദ്ര അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി. സെൻകുമാർ ഡി.ജി.പിയായി മടങ്ങിയെത്തിയപ്പോഴാണ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ചത്.
സെൻകുമാർ വിരമിച്ച ശേഷം ബെഹ്റയെ പൊലീസ് തലവനാക്കി. വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നൽകി. പിന്നീട് പൂർണ ചുമതലയും നൽകി. ഒരു സർക്കാറും മുൻകാലങ്ങളിൽ ഇത്തരം നിയമനം നടത്തിയിട്ടുമില്ല. ഇതിനു മുമ്പ് ഒരു സർക്കാറും ഈ രണ്ടു സുപ്രധാന പദവികളിൽ ഒരേസമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല, അതും ഇത്രയധികം ഡി.ജി.പിമാർ സർവിസിലുള്ളപ്പോൾ. കാഡർ തസ്തികയിൽ ഒരേ വ്യക്തിയെ നിയമിച്ചതിനെ മറ്റ് ഡി.ജി.പിമാർ നിയമപരമായി ചോദ്യം ചെയ്തിരുന്നെങ്കിൽ ഇൗ നിയമനം വിവാദമായേനെ. എന്നാൽ, സർവിസിൽ ബെഹ്റയെക്കാൾ സീനിയറും ഒരേ ബാച്ചുകാരുമായ ഋഷിരാജ് സിങ്ങും ജേക്കബ് തോമസും അതിന് മുതിരാതിരുന്നതാണ് ഇതു വിവാദമാകാതിരുന്നതിന് പ്രധാനകാരണം. കേന്ദ്രസർക്കാറിെൻറ അനുമതി ഇല്ലെന്ന വെളിപ്പെടുത്തലോടെ വിജിലസ് ഡയറക്ടർ നിയമനം വീണ്ടും വിവാദത്തിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.