കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയെ ബംഗളൂരുവിൽ സന്ദർശിച്ചത് തന്‍റെ ഒ.ടി.ടി ചാനലിലൂടെ അവരുടെ വെളിപ്പെടുത്തലുകൾ വെബ് സീരീസായി സംപ്രേഷണം ചെയ്യാനായിരുന്നു. എന്നാൽ, മുൻകൂട്ടി തയാറാക്കിയ തിരക്കഥയിലേക്ക് സ്വപ്ന മനഃപൂർവം തന്നെ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. ചർച്ചക്കിടയിൽ പറഞ്ഞ കാര്യങ്ങളെ സ്വപ്ന അവർക്കാവശ്യമായ രീതിയിലേക്ക് ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. അവർ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വപ്നക്കെതിരെ മാനനഷ്ടത്തിന് ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി.
കഴിഞ്ഞ 27നാണ് താൻ സ്വപ്നയെ വിളിച്ചത്. ഒ.ടി.ടിയുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്ന് അവർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച നേരില്‍കണ്ട് ഒന്നര മണിക്കൂറോളം സംസാരിക്കുകയായിരുന്നു. കേരളത്തിൽവെച്ച് കാണുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞതോടെ ബംഗളൂരുവിൽ കാണാൻ തീരുമാനിച്ചു. ഒരു ഹോട്ടലിൽ ഇരുന്ന് പരസ്യമായാണ് സംസാരിച്ചത്. സുഹൃത്തിന്‍റെയും രണ്ട് മക്കളുടെയും ഒപ്പമാണ് സ്വപ്ന എത്തിയത്. ഒപ്പമുണ്ടായിരുന്നത് സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സരിത്താണെന്ന് പിന്നീടാണ് മനസ്സിലായത്.
ഒ.ടി.ടിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ 30 ശതമാനം നൽകാമെന്ന് താൻ വാഗ്ദാനം നൽകി. 100 കോടി വരുമാനം ലഭിച്ചാൽ 30 കോടി അവർക്ക് ലഭിക്കും വിധമാണെന്ന് വിശദീകരിച്ചു. അല്ലാതെ സ്വപ്ന ആരോപിക്കുന്നതു പോലെ 30 കോടി വാഗ്ദാനം ചെയ്ത് കേസിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ല. കണ്ണൂർ ജില്ലക്കാരനാണെന്നും നാട്ടിലെ ഒരു പ്രശസ്തനാണ് ഗോവിന്ദൻ മാസ്റ്ററെന്നും മാത്രമാണ് സ്വപ്നയോട് പറഞ്ഞത്. അദ്ദേഹവുമായി തനിക്ക് ഒരു ബന്ധവുമില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമില്ല. കുറച്ചെങ്കിലും ഇഷ്ടം ബി.ജെ.പിയോടാണ്.
ഫണ്ടിങ്ങിനെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും മറ്റും പലകാര്യങ്ങൾ സ്വപ്ന ചോദിച്ചുകൊണ്ടിരുന്നു. തെളിവുകൾ വേണോ, വേണോ എന്ന് എടുത്തെടുത്ത് ചോദിച്ചു. തങ്ങൾ ഇവിടെ സുരക്ഷിതരല്ല, എപ്പോൾ വേണമെങ്കിലും മരിക്കാം എന്നും ഇടക്കിടക്ക് പറഞ്ഞു. അപ്പോൾ തനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. മുൻകൂട്ടി പ്ലാൻ ചെയ്ത് വന്ന അവർക്ക് ആവശ്യമായ ചോദ്യങ്ങൾ ചോദിച്ച് എന്തൊക്കെയോ കാര്യങ്ങളുമായി ബന്ധപ്പെടുത്തുകയാണ്. ഇതൊക്കെ അവർക്ക് ആവശ്യമായ രീതിയിൽ വിഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടാകാം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടനിലക്കാരനായി നിന്ന് 30 കോടി വാഗ്ദാനം ചെയ്തു എന്നും വധഭീഷണി മുഴക്കിയെന്നുമൊക്കെയാണ് സ്വപ്ന ആരോപിക്കുന്നത്. ഇത് തെളിയിക്കാൻ മുഴുവൻ വിഡിയോ റെക്കോഡും പുറത്തുവിടണം.
സംപ്രേഷണം ചെയ്യുംമുമ്പ് ആരോപണങ്ങളുടെ ആധികാരികതക്ക് വേണ്ടി തെളിവുണ്ടെങ്കിൽ കാണിക്കണമെന്ന് താൻ പറഞ്ഞിരുന്നു. ഇവിടെ ഭീഷണിയുള്ളതിനാൽ ഷൂട്ട് ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞതോടെയാണ് ഹരിയാനയിൽ ചിത്രീകരിക്കാമെന്ന് പറഞ്ഞത്. അവിടെ തനിക്ക് ബിസിനസ് ഉള്ളതിനാലാണ് അങ്ങോട്ട് പോകാമെന്ന് പറഞ്ഞത്. അല്ലാതെ അവിടേക്ക് പോകണമെന്ന് ഭീഷണിപ്പെടുത്തിയതല്ല. ഇ.ഡി തന്നെ വിളിപ്പിച്ച് മൂന്ന് മണിക്കൂറോളം മൊഴിയെടുത്തു. ഒരു ബന്ധവുമില്ലാത്ത തനിക്കെതിരെപോലും ആരോപണം ഉന്നയിക്കുന്ന സ്വപ്ന മറ്റുള്ളവരെക്കുറിച്ച് പറയുന്നതും കള്ളമാണെന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നതെന്നും വിജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.