കേസുകള്‍ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസുകള്‍ തിങ്കളാഴ്ച വിജിലന്‍സ് പ്രത്യേക കോടതി പരിഗണിക്കും. മുന്‍ മന്ത്രി ഇ.പി. ജയരാജന്‍െറ നേതൃത്വത്തില്‍ വ്യവസായ വകുപ്പില്‍നടന്ന അനധികൃതനിയമനങ്ങള്‍ സംബന്ധിച്ച കേസും യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നടന്ന നിയമനങ്ങളിലെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിയുമാണ് കോടതി പരിഗണിക്കുക. ജയരാജനുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ട് അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

ജയരാജന്‍ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഒന്നിലേറെ പരാതികളാണ് ലഭിച്ചത്. എന്നാല്‍, സര്‍ക്കാറില്‍നിന്നും വിവിധ സ്ഥാപനങ്ങളില്‍നിന്നും പല രേഖകളും ലഭ്യമാകാനുണ്ട്. ഇവ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് അന്വേഷണസംഘത്തിന്‍െറ നിലപാട്.  ഇതിനെക്കുറിച്ച് ഒൗദ്യോഗികപ്രതികരണം നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. മുന്‍സര്‍ക്കാര്‍ നടത്തിയ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം സമര്‍പ്പിച്ച പരാതിയും കോടതി പരിഗണിക്കും.

ഇക്കാര്യത്തിലും വിജിലന്‍സ് നിലപാട് കോടതി ആരായുമെന്നാണ് സൂചന. രണ്ടുകേസുകളും ഒരുമിച്ച് അന്വേഷിക്കാമെന്ന തീരുമാനം അന്വേഷണസംഘം കൈക്കൊള്ളുമെന്നും അറിയുന്നു. അതേസമയം, പൊതുമേഖലാസ്ഥാപനങ്ങളില്‍ നിയമനം നടത്താല്‍ ചുമതലപ്പെട്ട റിയാബിന്‍െറ ബിസിനസ് റൂള്‍സ് സംബന്ധമായ രേഖകള്‍ ആവശ്യപ്പെട്ട് കത്തയക്കാന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചു. ഇവിടെനിന്ന് ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

Tags:    
News Summary - vijilance case considering today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.