കൊടുങ്ങല്ലൂർ: മനയത്ത് വിജിത്ത് കൊലക്കേസിൽ ഒരേ കുടുംബത്തിലെ അംഗമായ മൂന്നാമനെയും മതിലകം പൊലീസ് ഒഡിഷയിൽ നിന്ന് പിടികൂടി. ശ്രീനാരായണപുരം കട്ടൻബസാറിൽ രണ്ട് വർഷം മുൻപ് നടന്ന കൊലപാതകത്തിലെ പിടികിട്ടാപുള്ളികളിലൊരാളായ നാലാം പ്രതിയെയാണ് മതിലകം എസ്.ഐ വി.വി വിമലിൻ്റെ നേതൃത്വത്തില്ലുള്ള സംഘം പിടികൂടിയത്.
ഒഡിഷയിൽ ഗഞ്ചാം ജില്ലയിലെ ലെട്ടാപ്പിള്ളി വില്ലേജിൽ താമസിക്കുന്ന കൃഷ്ണ മല്ലിക്ക് (31) ആണ് പിടിയിലായത്. ഇയാൾ നേരത്തേ പിടിയിലായ ഒന്നാം പ്രതി തുഫാൻ മല്ലിക്കിൻ്റെയും, മൂന്നാം പ്രതി നബ്ബാ മല്ലിക്കിൻ്റെയും മൂത്ത സഹോദരനാണ്. കേസിൽ ഇനി രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ട്.
ശ്രീനാരായണപുരം പി. വെമ്പല്ലൂരിൽ ചന്ദനക്ക് സമീപം മനയത്ത് വിജിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബർ 26നായിരുന്നു കൊലപാതകം. വിജിത്തിനെ കാണാതായതിനെ തുടർന്ന് നടന്ന തെരച്ചിലിനൊടുവിൽ ശ്രീ നാരായണപുരം കട്ടൻ ബസാറിൽ പ്രതികളായ ഒഡീഷക്കാർ താമസിച്ചിരുന്ന ഒറ്റമുറി വീടിൻ്റെ പരിസരത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാട്ടിലേക്ക് തിരിച്ച അഞ്ചംഗ സംഘത്തിലെ ഒന്നാം പ്രതിയെ തൃശൂർ പൊലീസ് കൊല നടന്നയുടനെ ഒഡിഷയിലെത്തി പിടികൂടിയിരുന്നു. മൂന്നാം പ്രതിയെ രണ്ടാഴ്ച മുൻപും പിടിച്ചിരുന്നു. വീണ്ടും ഒഡിഷയിലേക്ക് തിരിച്ച മതിലകം എസ്.ഐ വി.വി. വിമൽ, ആൻറണി, സാബു എന്നിവരടങ്ങുന്ന സംഘം അവിടത്തെ പൊലീസിൻ്റെ കൂടി സഹകരണത്തോടെയാണ് നാലാം പ്രതിയെയും പിടിച്ചു കൊണ്ടുവന്ന് ജയിലിൽ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.