നാദാപുരം: ഒരാഴ്ചയായി വിലങ്ങാട് മലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ പിൻവാങ്ങിയില്ല. കോളനിയോട് ചേർന്ന കൃഷിഭൂമിയിൽ വ്യാപക നഷ്ടം വരുത്തുന്നതായാണ് കർഷകരുടെ പരാതി. കണ്ണൂർ -കോഴിക്കോട് ജില്ല അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയങ്ങാട് മലയിലാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. കണ്ണവം വനമേഖലയിൽ നിന്നും അതിർത്തി കടന്നെത്തുന്ന ആനകളുടെ പരാക്രമം കാരണം സമീപത്തെ പാലൂർ, കുറ്റല്ലൂർ, മാടാഞ്ചേരി കോളനികളിലെ താമസക്കാർ ഏറെ ഭീതിയോടെയാണ് കഴിയുന്നതെന്ന് വാർഡ് അംഗം ജാൻസി പറഞ്ഞു.
ഈ പ്രദേശങ്ങളിലെ കൃഷിഭൂമിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ആനകളെ ഉൾവനങ്ങളിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതുസംബന്ധിച്ചു വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയുടെ നേതൃത്വത്തിൽ ജില്ല കലക്ടർക്ക് ശനിയാഴ്ച പരാതി നൽകി.
ആനപ്പേടി കാരണം പ്രദേശത്തുകാർ കൃഷിഭൂമിയിലേക്കും മറ്റും പോകാൻ കഴിയാതെ പ്രയാസം നേരിടുകയാണ്.
തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയെല്ലാം വ്യാപക തോതിൽ പിഴുതുമാറ്റിയ നിലയിലാണ്. ചേമ്പ്, ചേന, കപ്പ തുടങ്ങിയ ഇടവിളകളും നശിപ്പിക്കപ്പെട്ടു. കണ്ണൂർ ജില്ലയുടെ കിഴക്കൻ അറ്റമായതിനാൽ ഈ അതിർത്തിയിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന് അവിടത്തുകാർക്കും പരാതിയുണ്ട്. ഇവിടെയുള്ള ചെറുപുഴയാണ് രണ്ട് ജില്ലകളെയും വേർതിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.