തിരുവനന്തപുരം: ഇ-ഡിസ്ട്രിക്റ്റ് ഓൺലൈൻ സേവനങ്ങൾ കാര്യക്ഷമമാക്കാത്ത വില്ലേജ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 88 വില്ലേജ് ഓഫിസുകളിൽ ‘ഓപറേഷൻ സുതാര്യത’ എന്ന പേരിൽ തിങ്കളാഴ്ച മുതലാണ് പരിശോധന നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ 13ഉം കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലെ ഏഴുവീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ആറുവീതവും പത്തനംതിട്ട ജില്ലയിലെ അഞ്ചും ആലപ്പുഴ, വയനാട് ജില്ലകളിലെ നാലുവീതവും കാസർകോട് ജില്ലയിലെ മൂന്നും ഉൾപ്പെടെ 88 വില്ലേജ് ഓഫിസുകളിലായിരുന്നു പരിശോധന.
ചില ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം ഇ-ഡിസ്ട്രിക്റ്റ് ഓൺലൈൻ പോർട്ടൽ സംവിധാനം പൊതുജനങ്ങൾക്ക് വേണ്ടവിധം ഉപകാരപ്പെടുന്നില്ലെന്ന് വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വില്ലേജ് ഓഫിസുകളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ വേഗത്തിലാക്കുക, അപേക്ഷകർ വില്ലേജ് ഓഫിസുകളിൽ വരുന്നത് പരമാവധി ഒഴിവാക്കുക, വില്ലേജ് ഓഫിസുകളിലെ അഴിമതി തടയുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയതാണ് ഇ-ഡിസ്ട്രിക്റ്റ് ഓൺലൈൻ പോർട്ടൽ സംവിധാനം.
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് വില്ലേജ് ഓഫിസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 1048 അപേക്ഷകളിൽ 703ലും നടപടിയെടുത്തിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, കരകുളം, പത്തനംതിട്ട ജില്ലയിലെ കൂടൽ, കോട്ടയം ജില്ലയിലെ വെളിയമറ്റം, കുറിച്ചി, അയർക്കുന്നം, പെരുമ്പായിക്കാട്, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ഇടുക്കി ജില്ലയിലെ കട്ടപ്പന, വണ്ണപ്പുറം, മഞ്ഞുമല, കാരിക്കോട്, മലപ്പുറം ജില്ലയിലെ ഇടയൂർ, വയനാട് ജില്ലയിലെ മാനന്തവാടി, അമ്പലവയൽ, സുൽത്താൻ ബത്തേരി, കണ്ണൂർ ജില്ലയിലെ മാടായി, ആറളം വില്ലേജ് ഓഫിസുകളിൽ നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല.
എറണാകുളം തിരുവാണിയൂർ വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റും മതിയായ കാരണമില്ലാതെ അപേക്ഷകൾ മാറ്റിവെക്കുന്നതായും തുടർന്ന് അപേക്ഷകരെ വില്ലേജ് ഓഫിസിൽ വരുത്തി ഗൂഗ്ൾ-പേ വഴിയും നേരിട്ടും തുക വാങ്ങുന്നതായും കണ്ടെത്തി. ഇതിന്മേൽ തുടർനടപടി സ്വീകരിക്കും.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ വില്ലേജ് ഓഫിസിലും ഇടുക്കി ജില്ലയിലെ വണ്ണപ്പുറം, മഞ്ഞുമല, തങ്കമണി, കാരിക്കോട് എന്നീ വില്ലേജ് ഓഫിസുകളിലും തൃശൂർ ജില്ലയിലെ അഞ്ചൂർ വില്ലേജ് ഓഫിസിലും കോട്ടയം ജില്ലയിലെ വെളിയമറ്റം വില്ലേജ് ഓഫിസിലും മലപ്പുറം ജില്ലയിലെ ചേലേമ്പ്ര വില്ലേജ് ഓഫിസിലും ട്രഷറിയിൽ അടയ്ക്കാനുള്ള പണം കൃത്യമായി അടയ്ക്കുന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.