കൊച്ചി: സംസ്ഥാനത്ത് കുട്ടികൾക്കു നേരെയുള്ള അതിക്രമത്തിൽ വർധന. പോക്സോ കേസിലും വൻകുതിപ്പ്. ക്രൈം റെക്കോഡ്സ് ബ്യൂറോ 2016 മുതൽ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഏഴു വർഷത്തിനിടെ 20,048 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം മാത്രം 3559 എണ്ണമുണ്ട്. ഈവർഷം ജനുവരി മുതൽ മേയ്വരെ 1777 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016ൽ കേസുകളുടെ എണ്ണം 2131 ആയിരുന്നു. 2017ൽ 2704 ആയി. 2018 -3181, 2019 -3640, 2020 -3056 എന്നിങ്ങനെയാണ് കണക്ക്. ഈവർഷം പോക്സോ കേസിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് മുന്നില്‍. തിരുവനന്തപുരത്ത് 228ഉം മലപ്പുറത്ത് 186ഉം കോഴിക്കോട് 170ഉം കേസാണുള്ളത്. എറണാകുളം -167, കൊല്ലം -158, തൃശൂർ -141, പാലക്കാട് -124, ഇടുക്കി -110, ആലപ്പുഴ -91, കോട്ടയം -86, പത്തനംതിട്ട -84 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രേഖാമൂലം കിട്ടിയ പരാതികൾ.
കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈവർഷം ജനുവരി മുതൽ മേയ്വരെ 2144 കേസാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ശിശുഹത്യയടക്കം കൊലപാതകം -10, ലൈഗികാതിക്രമം -661, തട്ടിക്കൊണ്ടുപോകല്‍ -115, ഉപേക്ഷിക്കല്‍ -നാല്, ശൈശവവിവാഹം -മൂന്ന്, മറ്റ് അതിക്രമം -1351 എന്നിങ്ങനെയാണ് കണക്ക്. 2016 -2879, 2017 -3562, 2018 -4253, 2019 -4754, 2020-3941, 2021-4349 എന്നിങ്ങനെയാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണം.
പോക്സോ നിയമം കർശനമാക്കിയിട്ടും ശിക്ഷിക്കപ്പെടുന്നവർ 2.5 ശതമാനം മാത്രം. 2021ആഗസ്റ്റ്വരെ പരിഗണിച്ച കേസുകളിൽ ഒരാൾപോലും ശിക്ഷിച്ചിട്ടില്ല. 2020ൽ പരിഗണിച്ച 2581 കേസുകളിൽ ആറുപേരും 2019ൽ 3368 കേസുകളിൽ 24 പേരും മാത്രമാണ് ശിക്ഷിച്ചത്. കുട്ടികളുടെ ഭാവിയോർത്ത് ഭൂരിഭാഗം കേസുകളിലും രക്ഷിതാക്കൾ കൂറുമാറുകയും സ്വാധീനത്തിന്റെ പേരിൽ ഒത്തുതീർപ്പിന് വഴങ്ങുന്നതുമാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് ചൈൽഡ് ലൈൻ അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രതികളെ നിയമത്തിന് മുന്നിൽകൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ സഹായകമാകുന്ന ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അടക്കമുള്ളവരുടെ ഇടപെടലിൽനിന്ന് ഒഴിഞ്ഞുമാറിയവരുമുണ്ട്. കേസിന്റെ നടപടിക്രമം പൂർത്തിയാക്കിയശേഷം പരാതിയില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ ഒഴിവായ തിരുവനന്തപുരത്തെ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
2012ലാണ് ആണ്-പെണ് വ്യത്യാസമില്ലാതെ ലൈംഗികചൂഷണത്തിനിരയാകുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് സംരക്ഷണം നൽകുന്ന പോക്സോ നിയമം പ്രാബല്യത്തിലായത്. 2019ലെ ഭേദഗതിയിൽ 16വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ നൽകാമെന്ന് പറയുന്നുണ്ട്. പോക്സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതികൾ നിലവിൽവന്നിട്ടും കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന നിയമം ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.