തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന നിയമസഭയിലെ മറുപടിയിൽ പുലിവാലുപിടിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മറുപടി തയാറാക്കിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്ന് പിന്നീട് തിരുത്തി. പുതിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷയും നൽകി. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് ആഗസ്റ്റ് നാലിന് മാത്യു കുഴൽനാടൻ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് നൽകിയ മറുപടിയാണ് ആരോഗ്യമന്ത്രിയെ വെട്ടിലാക്കിയത്. അക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ല എന്നായിരുന്നു രേഖാമൂലമുള്ള മന്ത്രിയുടെ മറുപടി.
വസ്തുതാവിരുദ്ധമായ മറുപടി വാർത്തയായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും തിരുത്തിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ സഭയിലെ മറുപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
തിരുവനന്തപുരം: ഡോക്ടര്മാർക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങൾ അപലപനീയമാണെന്നും ഇതുസംബന്ധിച്ച് നിയമസഭയിൽ നൽകിയ മറുപടിയിൽ അവ്യക്തതയില്ലെന്നും മന്ത്രി വീണ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ വാക്കാല്‍ പറഞ്ഞ മറുപടിയിലല്ല പിശകുണ്ടായത്.
നൂറുകണക്കിന് ചോദ്യങ്ങള്ക്കിടയിലുണ്ടായ പിശക് കണ്ടെത്തുകയും തിരുത്തുകയും ചെയ്തു. ആശുപത്രികളില്‍ അത്യാഹിതവിഭാഗം, ഒ.പി എന്നിവിടങ്ങളില്‍ സെക്യൂരിറ്റിക്ക് ഇനിമുതല്‍ വിമുക്തഭടന്മാരെ നിയമിക്കും. അവര്‍ക്ക് മുകളില്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഉണ്ടാകും. എല്ലായിടത്തും രോഗികളുടെ സ്വകാര്യതയെ ബാധിക്കാത്തവിധം സി.സി ടി.വി കാമറ സ്ഥാപിക്കും. പൊലീസ് എയ്ഡ് പോസ്റ്റുള്ള ആശുപത്രികളില്‍ കാമറയെ അവയുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ഡോക്ടർമാർക്കുനേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച ചോദ്യത്തിന് മന്ത്രി വീണ ജോർജ് നൽകിയ മറുപടി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചോദ്യകർത്താവ് കൂടിയായ എം.എൽ.എ മാത്യു കുഴൽനാടൻ. രണ്ടുമാസത്തിനിടെ ഒരു ഡസനിലധികം അതിക്രമങ്ങൾ നടന്നിട്ടും ഒന്നും ശ്രദ്ധയിൽ പെട്ടില്ലെന്ന മറുപടിയാണ് സഭയിൽ മന്ത്രി നൽകിയത്.
സഭ തെറ്റിദ്ധരിപ്പിച്ച് മറുപടി നൽകിയതിനെതിരെ ചോദ്യകർത്താവെന്ന നിലയിൽ ചട്ടപ്രകാരമുള്ള നോട്ടീസ് നൽകി വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.