കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് ജീപ്പിന് തീയിട്ടപ്പോൾ. തീ​യിട്ട്​ നശിപ്പിച്ച പൊലീസ്​ ജീപ്പ്​

കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം; സി.ഐ അടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്ക്, പൊലീസ്​ ജീപ്പ് കത്തിച്ചു

എറണാകുളം: കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. അക്രമികൾ അഞ്ച് പൊലീസ് വാഹനങ്ങൾ തകർത്തു. ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Full View

പുലർച്ചെ നാലു മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം 150 ഓളം വരുന്ന അക്രമികളെ കസ്റ്റഡിയിലെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നു. എ.ആർ. ക്യാമ്പിൽ നിന്ന് 500 പൊലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.


ശനിയാഴ്ച അർധരാത്രിയോടെ കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികളാണ് താമസസ്ഥലത്ത് അക്രമം നടത്തിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.


സംഘർഷം നേരിൽകണ്ട പ്രദേശവാസിയാണ് വിവരം കുന്നത്തുനാട് പൊലീസിനെയും പൊലീസ് കൺട്രോൾ റൂമിനെയും അറിയിച്ചത്. ഇതേതുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ പൊലീസുകാരെ നൂറോളം വരുന്ന തൊഴിലാളികൾ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.

പൊലീസ് ജീപ്പുകൾക്ക് നേരെ കല്ലെറിഞ്ഞ തൊഴിലാളികൾ ഒരു വാഹനം തകർക്കുകയും മറ്റൊന്ന് അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലീസ് വാനിനും പ്രദേശവാസികൾക്കും നേരെയും തൊഴിലാളികൾ കല്ലെറിഞ്ഞെന്ന് ദൃക്സാക്ഷി സരുൺ മാധ്യമങ്ങളോട് പറഞ്ഞു.


അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി തൊഴിലാളികൾ ഒളിച്ചിരുന്നു. പുറത്തിറങ്ങി വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ തയാറായില്ല. ഇതേതുടർന്ന് പുലർച്ചെ നാലിന് കൂടുതൽ പൊലീസിനെ സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.



മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എസ്.പി അറിയിച്ചു.

Tags:    
News Summary - Inter-state workers Violence against police in the Ernakulam kizhakkambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.