വൈപ്പിൻ കൊലപാതകം; യുവാവിനെ വിളിച്ചിറക്കിയത് കാമുകിയെന്ന് തെറ്റിദ്ധരിപ്പിച്ച്

കൊച്ചി: വൈപ്പിനില്‍ ചെറായി സ്വദേശി പ്രണവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ 3 പേര്‍ പിടിയിലായി. അയ്യമ്പിള്ളി സ്വദേശികളായ കൈപ്പന്‍ വീട്ടില്‍ അമ്പാടി, മുല്ലപ്പറമ്പ് ശരത്, കുഴുപ്പിള്ളി സ്വദേശി പ്ലാക്കല്‍ ജിത്തു എന്നിവരെയാണ് റൂറല്‍ എസ്.പി.കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അമ്പാടിയെ ചൊവ്വാഴ്ച ഉച്ചയോടെയും ശരത്, ജിത്തു എന്നിവരെ രാത്രിയോടെയുമാണ് അറസ്റ്റ് ചെയ്തത്. പ്രണവും പ്രതികളും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നു. കേസിലെ ഒന്നാം പ്രതി ശരത്തിന്‍റെ കാമുകിയുമായി പ്രണവിന് അടുപ്പമുണ്ടായതാണ് കൊലപാതകത്തിന് കാരണം എന്നാണ് വിവരം.

പ്രണവ് തന്‍റെ കാമുകിയോട് അടുപ്പം കാണിക്കുന്നത് മനസ്സിലാക്കിയ ശരത് പെണ്‍കുട്ടിയുടെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ചാറ്റ് ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പ്രതികള്‍ പ്രണവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയത്. പ്രതികള്‍ പെണ്‍കുട്ടിയുടെ പേരില്‍ അയച്ച വാട്ട്‌സ് ആപ് സന്ദേശങ്ങള്‍ പോലീസ് കണ്ടെത്തി.

2019 ല്‍ ഞാറക്കല്‍ സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന കലോത്സവത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെയും പ്രതിയാണ് ശരത്. ഇയാള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത നാലാമനായുള്ള തെരെച്ചില്‍ തുടരുകയാണെന്നും ഗൂഢാലോചനയില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്ത് പോക്കറ്റ് റോഡില്‍ പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണവിനെ അടിക്കുന്നതിന് ഉപയോഗിച്ച വടിയും പൊട്ടിയ ട്യൂബ് ലൈറ്റും സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരക്ക് ഇതുവഴി മല്‍സ്യത്തൊഴിലാളികള്‍ വാഹനത്തില്‍ പോയെങ്കിലും മൃതദേഹം കണ്ടിരുന്നില്ല. നാലുമണിയോടെ ഇവിടെ എത്തിയ മത്സ്യത്തൊഴിലാളികളാണ് പ്രണവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.