വൈപ്പിൻ: സീസണിന്റെ തുടക്കത്തിൽതന്നെ വൈപ്പിനിലെ വേനൽക്കാല ചെമ്മീൻ കെട്ടുകളിൽ വൈറസ് ബാധ പ്രത്യക്ഷപ്പെട്ടത് കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു.
നായരമ്പലം മാനാട്ടുപറമ്പ് മേഖലയിലും എടവനക്കാട് അണിയിൽ, കുഴുപ്പിള്ളി ഭാഗങ്ങളിലെ ചെമ്മീൻ കെട്ടുകളിലാണ് നാരൻ ചെമ്മീനുകളിൽ വൈറ്റ് സ്പോട്ട് രോഗബാധ കാണപ്പെടുന്നത്.
വൈപ്പിനിൽ എല്ലാവർഷവും ചെമ്മീൻ കെട്ടുകളിൽ വൈറസ്ബാധ പതിവാണെങ്കിലും ഇക്കുറി തുടക്കത്തിൽതന്നെ ചെമ്മീനുകൾ ചത്തുപോകുന്ന സാഹചര്യമാണുള്ളത്. നേരത്തേ മുതൽതന്നെ കെട്ടുകളിൽ വളർന്ന് പകുതിയോളം വലിപ്പമെത്തിയ ചെമ്മീനുകളാണ് ജലോപരിതലത്തിലേക്ക് എത്തി ചാവുന്നത്. ഇവയുടെ തലയും ദേഹവും ഇളംചുവപ്പ് നിറത്തിൽ ആകുന്നതായും കർഷകർ പറയുന്നു. ചൂടൻ തെല്ലിച്ച മീനുകൾക്കും രോഗബാധ പിടിപ്പെട്ടിട്ടുണ്ടാകാമെന്ന് കർഷകർ പറയുന്നു. വലുപ്പം കുറവായതിനാൽ ഇവ ചത്തുപൊങ്ങിയാലും എളുപ്പം ശ്രദ്ധയിൽപ്പെടില്ല.
മുൻകാലങ്ങളിൽ പുഴകളിൽനിന്നും മറ്റും ചെമ്മീൻ കുഞ്ഞുങ്ങൾ കെട്ടുകളിലേക്ക് എത്തി വളർന്നു വലുതാവുന്നതായിരുന്നു പതിവെങ്കിൽ പിൽക്കാലത്ത് ചെമ്മീൻ കുഞ്ഞുങ്ങളുടെ സാന്നിധ്യം തീരെ കുറഞ്ഞു.
ഇതുമൂലം ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ചെമ്മീൻ കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടുവന്ന് കെട്ടുകളിൽ നിക്ഷേപിക്കുന്ന രീതിയാണ് വർഷങ്ങളായി പല കർഷകരും പിന്തുടരുന്നത്. എന്നാൽ, ഇത്തരത്തിൽ വാങ്ങുമ്പോൾ ചെമ്മീൻ കുഞ്ഞുങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ മാർഗമൊന്നുമില്ല. തൂത്തുക്കുടി പോലുള്ള പല ചെമ്മീൻകുഞ്ഞ് ഉൽപാദന കേന്ദ്രങ്ങളും വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
കുടിൽ വ്യവസായംപോലെ ഇത് മുന്നോട്ടുകൊണ്ടുപോകുന്നവരും അംഗീകൃത ഫാമുകളിൽനിന്ന് രോഗബാധയെത്തുടർന്ന് ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ കുറഞ്ഞ വിലക്ക് വാങ്ങി കച്ചവടം ചെയ്യുന്നവരുമുണ്ട്.
ഇത്തരം ചെമ്മീൻ കുഞ്ഞുങ്ങളാണ് ഇവിടെയുള്ള ചെമ്മീൻകെട്ടുകളിൽ രോഗം പകർത്തുന്നതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ പലപ്പോഴും നടക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇതിനുവേണ്ടിവരുന്ന പണച്ചെലവാണ് കർഷകരെ പിന്തിരിപ്പിക്കുന്നത്. സൗജന്യമായി പരിശോധന നടത്താൻ സർക്കാർ ഏജൻസികൾ തയാറാകാറില്ല.
കേരളത്തിലെതന്നെ ഫിഷറീസ് ഏജൻസികൾ ഗുണനിലവാരമുള്ള ചെമ്മീൻ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യുകയാണെങ്കിൽ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സീസൺ തുടങ്ങുന്നതിനുമുമ്പ് നിലം ഒരാഴ്ചയെങ്കിലും വെള്ളം വറ്റിച്ച് ഉണക്കുന്നത് ഇത്തരം രോഗബാധ തടയാൻ ഏറെ ഫലപ്രദമാണെന്ന് ബന്ധപ്പെട്ട ഗവേഷകർ ഏറെക്കാലമായി പറയുന്നതാണെങ്കിലും അതിനും നടപടി ഉണ്ടാകുന്നില്ല. എത്രയുംവേഗം കെട്ട് ആരംഭിക്കാനുള്ള നീക്കത്തിൽ കർഷകരും ഇതിന് തയാറാകാറില്ല. വൈറസ് രോഗത്തിന് പുറമേ ജലത്തിലെ രാസമാലിന്യ സാന്നിധ്യം വർധിച്ചതും തിരിച്ചടിയായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. വലിയ രീതിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും സാനിറ്ററി നാപ്കിനുകളും വെള്ളത്തിൽ തള്ളുന്നത്.
പെരിയാറിന്റെ തീരത്തെ ഫാക്ടറികളിൽ നിന്നും തള്ളുന്ന രാസമാലിന്യങ്ങളും വെള്ളത്തിന്റെ സ്വഭാവികത നഷ്ടപ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും ദിവസമായി പുഴയിലെയും തോട്ടിലെയും വെള്ളത്തിന് നിറംമാറ്റവും മണം വ്യത്യാസവും സംഭവിക്കുന്നതായി തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. ഇതേത്തുടർന്ന് ചില കർഷകർ മുൻകരുതലെന്ന നിലയിൽ കെട്ടുകളിലേക്ക് ഈ വെള്ളം കയറ്റാതെ പ്രതിരോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.