ആലപ്പുഴ: വോട്ട് മുന്നിൽകണ്ട് പതിവിലും നേരത്തേ ആരംഭിച്ച വിഷുക്കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടമായത് പ്രളയ-കോവിഡ് കാലത്തെ കിറ്റ് വിതരണമെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന് മുേമ്പ പരമാവധി വീടുകളിൽ കിറ്റ് എത്തിച്ച് ട്രെൻഡ് നിലനിർത്താനായിരുന്നു നിർദേശം.
അധിക ജോലിയെടുപ്പിച്ചാണ് സപ്ലൈകോ കിറ്റ് നേരത്തേയാക്കാൻ ശ്രമിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പ് 27 ലക്ഷം വീടുകളിൽ മാത്രം കിറ്റ് എത്തിക്കുന്നതിനാണ് സാധിച്ചത്. വിഷുവിന് മുമ്പ് കിറ്റ് എല്ലാവർക്കും കിട്ടുമെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ഇതിലൂടെ കഴിഞ്ഞു. വിശേഷ അവസരങ്ങളിൽ വൈകിമാത്രം ലഭിക്കാറുണ്ടായിരുന്ന പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള സാധനങ്ങളാണ് ഇക്കുറി പതിവിലും നേരത്തേ നൽകിയത്. അതത് മാസങ്ങളിൽ മാത്രം തുടങ്ങാറുള്ള വിതരണം ഏപ്രിൽ എത്തുന്നതിന് മൂന്ന് ദിവസം മുേമ്പ മാർച്ച് 29ന് തന്നെ ആരംഭിക്കുകയായിരുന്നു. വിതരണം തുടങ്ങി ഒരാഴ്ചകൊണ്ടാണ് 27 ലക്ഷം കുടുംബങ്ങളിൽ കിറ്റ് എത്തിച്ചത്. ആകെയുള്ള 90,00,221 റേഷൻ കാർഡ് ഉടമകളിൽ 30,00,200 കുടുംബങ്ങൾക്കാണ് ഇതുവരെ കിറ്റ് ലഭ്യമായത്.
കിറ്റ് വിതരണം പൂർണമായി നിർത്തിെവച്ചിരിക്കുകയാണിപ്പോൾ. പാക്കിങ് കേന്ദ്രങ്ങൾ മന്ദഗതിയിൽ പ്രവർത്തിക്കുന്നതിനാലാണ് വിതരണം മുടങ്ങിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കടക്കം ജീവനക്കാർ മാറിയതും ആവശ്യത്തിന് ജീവനക്കാരില്ലാത്തത്തുമാണ് കിറ്റ് വിതരണം നിലക്കാൻ കാരണമായി പറയുന്നത്.
എന്നാൽ, പൂർണമായി നിർത്തിയിട്ടില്ലെന്നും പാക്കിങ്ങിലെ കാലതാമസം കാരണം ലഭ്യതക്കുറവ് മാത്രമാണുള്ളതെന്നും സപ്ലൈകോ അധികൃതർ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന കാർക്കശ്യം ഭരണനേതൃത്വം കൈവിട്ടതോടെയാണ് പാക്കിങ് മന്ദഗതിയിലായതും വിതരണം നിലച്ചതും. ധിറുതി കൂട്ടേണ്ടതില്ലെന്ന നിർദേശമാണത്രെ ലഭിച്ചിട്ടുള്ളത്.
മേയ് മാസത്തിലെ സ്പെഷൽ അരി, കിറ്റ് വിതരണം വൈകുമെന്നതിനാൽ ഏപ്രിൽ മാസത്തെ കിറ്റ് വിതരണം നീണ്ടാലും തരക്കേടില്ലെന്ന നിലപാടുമുണ്ടത്രെ സർക്കാറിന്. മേയ് മുതലുള്ള കിറ്റ് വിതരണത്തിന് മന്ത്രിസഭ തീരുമാനമില്ല. ഫണ്ടും നീക്കിവെച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിതരണം വൈകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.