തിരുവനന്തപുരം/കൊച്ചി: രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ഗൂഢ പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്ന് വിഷുദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും പുലരുന്ന പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി വിഷു ആഘോഷങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മലയാളികൾക്ക് ഐശ്വര്യസമൃദ്ധമായ വിഷു ആശംസിച്ചു. പുതുവര്‍ഷത്തിലെ കാഴ്ചകളൊക്കെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റേതും സമാധാനത്തിന്റേതുമാകണം. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ ഈ മണ്ണില്‍ ഉണ്ടാകില്ലെന്നതിന്റെ സന്ദേശംകൂടി നല്കുന്നതാകണം ഈ വിഷുപ്പുലരി-അദ്ദേഹം പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആശംസനേർന്നു.
ശബരിമല: ശബരിമലയിൽ ഞായറാഴ്ച വിഷുക്കണി ദർശനം. ശനിയാഴ്ച രാത്രി 9.30ന് അത്താഴ പൂജക്ക് ശേഷം ശ്രീകോവിലിൽ ഓട്ടുരുളിയിൽ കലിയുഗവരദന്റെ മുന്നിൽ വിഷുക്കണി ഒരുക്കിയാണ് ഹരിവരാസനം പാടി തിരുനട അടച്ചത്.
വിഷുവായ ഇന്ന് പുലർച്ച നാലിന് തിരുനട തുറന്ന് ശ്രീകോവിലിൽ വിളക്കുകൾ തെളിച്ച് ആദ്യം അയ്യപ്പ സ്വാമിയെ വിഷുക്കണി കാണിക്കും.
പിന്നീട് ഭക്തർക്ക് വിഷുകണിദർശനത്തിനായി നട തുറന്നുകൊടുക്കും. ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും കൈനീട്ടവും നൽകും. നാലു മുതൽ ഏഴു വരെ വിഷുക്കണി ദർശനമുണ്ടാകും.
ശേഷം പതിവ് അഭിഷേകവും ഉഷപൂജയും നെയ്യഭിഷേകവും നടക്കും. വിഷു ദിനത്തിൽ അയ്യപ്പസ്വാമിയുടെ ദർശനം തേടി ആയിരങ്ങളാണ് സന്നിധാത്ത് എത്തിയിട്ടുള്ളത്. ശനിയാഴ്ചയും ദർശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.