കൊല്ലം: തുടക്കം മുതൽ ഒടുക്കംവരെ വലിയ സ്ത്രീധനമെന്ന ലക്ഷ്യം മാത്രമായിരുന്നു കിരൺകുമാറിനുണ്ടായിരുന്നത് എന്ന കുറ്റപത്രത്തിലെ പൊലീസ് കണ്ടെത്തൽ ശരിയെന്ന് അടിവരയിടുന്നതാണ് 10 വർഷം തടവും 12.5 ലക്ഷം പിഴയും വിധിച്ചുള്ള കോടതി വിധി. ഗൾഫുകാരന്റെ മകളും മർച്ചന്റ് നേവിക്കാരന്റെ സഹോദരിയുമായ പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ലഭിക്കുന്ന ലക്ഷങ്ങളും വിലയേറിയ കാറും ഭീമമായ സ്വർണാഭരണങ്ങളുമായിരുന്നു തന്റെ ഉന്നമെന്ന് ഒരുവർഷം നീണ്ട വിവാഹ ജീവിതത്തിലുടനീളം കിരൺ തെളിയിച്ചപ്പോൾ പൊലിഞ്ഞത് ഒരു ജീവനും തകർന്നത് രണ്ട് കുടുംബവും.
'ഞങ്ങളുടെ മകൾക്ക് വിവാഹത്തിന് മറ്റുമുതലുകൾക്ക് പുറമെ 101 പവൻ സ്വർണാഭരണങ്ങളാണ് കൊടുത്തത്. നിങ്ങൾ വിസ്മയക്ക് എന്തുകൊടുക്കും?' എന്ന ചോദ്യവുമായാണ് കിരണിന്റെ പിതാവ് സദാശിവൻ പിള്ള വിവാഹചർച്ചക്ക് വിസ്മയയുടെ പിതാവിന് മുന്നിലെത്തിയത്. 100 പവനും ഒരേക്കർ 25 സെന്റ് പുരയിടവും ഒരു കാറും എന്ന മറുപടിയിൽ ആ വിവാഹം ഉറപ്പിച്ചു. എന്നാൽ, തന്നത് കുറഞ്ഞുപോയെന്ന് പറഞ്ഞ് വിവാഹത്തലേന്ന് മുതൽ മാനസിക പീഡനം ഏറ്റുവാങ്ങാനായിരുന്നു വിസ്മയയുടെ വിധി.
കാറിന്റെ പേരിലും അധിക്ഷേപം തുടർന്ന കിരൺ വിവാഹശേഷം ശാരീരിക പീഡനത്തിലേക്കും കടന്നു. വിസ്മയയുടെ പിതാവിനും സഹോദരനും നേരെവരെ അധിക്ഷേപവും ആക്രമണവും നടത്തി. അടിച്ചുവീഴ്ത്തി മുഖത്ത് ചവിട്ടുകവരെ ചെയ്തു. പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് വിസ്മയ പറഞ്ഞിട്ടുപോലും പീഡനം തുടർന്നു. ആത്മഹത്യ ചെയ്ത ദിവസവും സ്ത്രീധനത്തെ ചൊല്ലി പീഡനമേറ്റെന്നും അന്വേഷകസംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് ബലം നൽകുന്ന തെളിവുകൾകൂടി ഹാജരാക്കാൻ കഴിഞ്ഞതോടെ കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനും സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.