കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം വയനാട്ടിലേക്ക്. കേസന്വേഷണത്തിന് അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. വിശ്വനാഥന്റെ ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കും. റീ പോസ്റ്റുമാർട്ടം ആവശ്യപ്പെട്ടാല്‍ നടത്താനും നടപടിയുണ്ടാകും. വിശ്വനാഥന്റെ ബന്ധുക്കളുന്നയിച്ച പരാതിയും അന്വേഷണ സംഘം പരിശോധിക്കും.
വിശ്വനാഥന്റെ മരണത്തിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഈ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പട്ടികജാതി പട്ടികവർഗ കമീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയില്ലെന്ന് വിശ്വനാഥന്‍റെ കുടുംബവും ആരോപണമുന്നയിച്ചു. ഇതിന് പിന്നാലെയാണ് പട്ടികജാതി - പട്ടികവർഗ പീഡന നിരോധന വകുപ്പ് കൂടെ ചുമത്തി എഫ്.ഐ.ആറിൽ മാറ്റംവരുത്തിയത്. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കാണാതായ രാത്രിയിൽ വിശ്വനാഥന്‍റെ ചുറ്റും ആളുകൾ കൂടിനിൽക്കുന്നതും ചിലർ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കൽപ്പറ്റയിലെ വീട് സന്ദർശിച്ച എസ്.സി - എസ്.ടി കമ്മീഷൻ അധ്യക്ഷൻ ബി.എസ്. മാവോജി പറഞ്ഞു. നഷ്ടപരിഹാരവും ജോലിയും ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാരുൾപ്പെടെ 20ഓളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സി.സി.ടി.വി ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വയനാട് മേപ്പാടി സ്വദേശിയായ വിശ്വനാഥനെ (46) ഫെബ്രുവരി 11ന് രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനാണ് വയനാട്ടിൽനിന്ന് വിശ്വനാഥൻ എത്തിയത്. ആശുപത്രി മാതൃ ശിശു കേന്ദ്രത്തിൽ മോഷണം ആരോപിച്ച് ചോദ്യംചെയ്യലിന് വിശ്വനാഥൻ ഇരയായിരുന്നു. ഇതിന് പിന്നാലെ കാണാതായ വിശ്വനാഥനെയാണ് അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.