ചെന്നൈ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനാവശ്യമായ പാറക്കല്ലുകൾ കന്യാകുമാരി ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽനിന്ന് ഖനനം ചെയ്യാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ. കന്യാകുമാരി ജില്ലയിലെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ തമിഴ്നാട് നിയമസഭയിൽ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയവെയാണ് സർക്കാർ തീരുമാനം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് 75 ലക്ഷം ടൺ പാറക്കല്ലുകളാണ് ആവശ്യം. ഇതിൽ 36 ലക്ഷം ടൺ കന്യാകുമാരി ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽനിന്നാണ് ശേഖരിക്കുകയെന്നും ഇത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും കിള്ളിയൂർ കോൺഗ്രസ് എം.എൽ.എ എസ്. രാജേഷ്കുമാർ സഭയിൽ പറഞ്ഞു.
തുറമുഖ നിർമാണത്തിനാവശ്യമായ മുഴുവൻ പാറക്കല്ലുകളും പശ്ചിമഘട്ട മലനിരകളിൽനിന്ന് ഖനനം ചെയ്തെടുക്കാനാണ് തീരുമാനം. കന്യാകുമാരിയിലെ തേങ്കായ്പട്ടണം മത്സ്യബന്ധന തുറമുഖം വഴിയാണ് തിരുവനന്തപുരത്തേക്ക് പാറക്കല്ല് കൊണ്ടുപോകാൻ നീക്കം നടന്നത്. ഇതിനെതിരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു. ഇത് കടൽത്തീരത്തെയും മത്സ്യബന്ധനത്തെയും ബാധിക്കുമെന്നാണ് ഇവരുടെ നിലപാട്. മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയാണ് പാറക്കല്ലുകൾ വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതെന്നും മന്ത്രി ഡി. ജയകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.