തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ റെയിൽ പാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.സി.എൽ) തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടിനാണ് (ഡി.പി.ആർ) അംഗീകാരം. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. 2028 ഡിസംബറിന് മുമ്പായി റെയില്‍പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.
കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ ഡി.പി.ആറിന് ദക്ഷിണ റെയിൽവേ 2022 മാർച്ചിൽ തന്നെ അംഗീകാരം നൽകിയിരുന്നു. പദ്ധതിക്കാവശ്യമായ പാരിസ്ഥിതിക അനുമതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രായവും നൽകിയിരുന്നു. പദ്ധതിക്കായി ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി 4.697 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വിഴിഞ്ഞം വില്ലേജിൽപെട്ട 0.829 ഹെക്ടർ സ്ഥലവും പദ്ധതിക്കായി ഉപയോഗപ്പെടുത്തും.
ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് 10.7 കിലോമീറ്ററാണ് റെയിൽപാത നിർമിക്കേണ്ടത്. ഇതിൽ 9.5 കിലോമീറ്റർ ഭൂഗർഭപാതയാണ്. റെയിൽപാതയുടെ നിർമാണത്തിന് 1402 കോടി രൂപയാണ് ചെലവ്. ഇത് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും. ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻ.എ.ടി.എം) എന്ന സാങ്കേതികവിദ്യയാകും ഭൂഗർഭപാതയുടെ നിർമാണത്തിനായി ഉപയോഗിക്കുക.
ടേബിൾ ടോപ് രീതിയിലാകും ഭൂഗർഭപാത ബാലരാമപുരത്തേക്ക് എത്തുക. ട്രയൽ റൺ പൂർത്തിയാക്കി കൊമേഴ്സ്യൽ ഓപറേഷൻ നടത്തുന്ന വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ച് റെയിൽപാത സ്ഥാപിക്കുന്നതോടെ, കര മാർഗമുള്ള ചരക്കു നീക്കത്തിൽ വലിയ നേട്ടമുണ്ടാക്കാനാകും. വിഴിഞ്ഞത്തേക്ക് ചരക്ക് എത്തിച്ച് കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യുന്നത് കേരളത്തിനകത്തേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും റെയിൽമാർഗം കൊണ്ടുപോകാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.