ക​ട​യ്ക്ക​ൽ മേ​ഖ​ല​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ടി​പ്പ​റു​ക​ൾ (ഫ​യ​ൽ ചി​ത്രം)

മലയോരം തകർക്കുന്ന തുറമുഖ നിർമാണം

കടയ്ക്കൽ: വിഴിഞ്ഞം തുറമുഖ നിർമാണവുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, തീരത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നത് തങ്ങളുടെ ജീവിതത്തെയാണ് കവരുന്നതെന്ന് മനസ്സിലാക്കി സമരത്തിനിറങ്ങിയവരാണ് തിരുവനന്തപുരത്തെ തീരവാസികൾ.

അവരെപ്പോലെ തന്നെ തുറമുഖ നിർമാണം ദുരിതത്തിലാക്കുന്ന മറ്റൊരു കൂട്ടർ കൂടിയുണ്ട്. അവരാകട്ടെ തീരവുമായി ഒരു ബന്ധവുമില്ലാത്ത മലയോരവാസികളാണ്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ആവശ്യമായ ലക്ഷക്കണക്കിന് ടൺ പാറ കൊല്ലം ജില്ലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. ഖനനത്തെ തുടർന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പാറ കൊണ്ടുപോകുന്നതിലെ അപകടാവസ്ഥകളുമാണ് മലയോര മേഖലയേയയും ദുരിതത്തിലാക്കിയിരിക്കുന്നത്.

വിഴിഞ്ഞം കടൽ നികത്താൻ കടയ്ക്കലിലെ പാറകൾ

ചെറുകിട പാറ ക്വാറികളും വിരലിലെണ്ണാവുന്ന ക്രഷറുകളും മാത്രം പ്രവർത്തിച്ചിരുന്ന കടയ്ക്കൽ മേഖലയിൽ വൻകിട ഗ്രൂപ്പിന്റെ വരവോടെയാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ സങ്കീർണമാകുന്നത്. കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന കടയ്ക്കൽ, കുമ്മിൾ, ചിതറ പഞ്ചായത്തുകളിലെ പാറമലകളിലായി ക്വാറി മാഫിയയുടെ ശ്രദ്ധ.

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വലിയ അളവിൽ പാറ വേണമെന്ന സ്ഥിതി വന്നതോടെ ഇവർക്ക് കാര്യങ്ങൾ എളുപ്പമായി. കൊല്ലം ജില്ലയിൽ ഉൾപ്പെടുന്നതാണെങ്കിലും അറുപത് കിലോമീറ്റർ മാത്രം ദൂരത്തിലും വേഗത്തിലും പാറ എത്തിക്കാൻ കഴിയുന്ന ഇടമായതിനാൽ കടയ്ക്കൽ മേഖലയിലെ പാറമലകൾ വിഴിഞ്ഞം പദ്ധതിക്കായി ഖനനം തുടങ്ങുകയായിരുന്നു. സർക്കാർ പദ്ധതിക്ക് വേഗത്തിൽ പാറ വേണ്ടതിനാൽ ക്വാറികളുടെ അനുമതിയടക്കം വേഗത്തിലായി.

ലോറി കയറുന്നത് മുരികക്കോട്ട് കുന്ന് മുതൽ കൊണ്ടോടി മല വരെ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനായി 65 ലക്ഷം ടൺ പാറ ഖനനം നടത്താനാണ് അനുവാദം ലഭിച്ചിരുന്നത്. പറക്കായി രണ്ട് ദേശങ്ങൾ തന്നെ യാതൊരെതിർപ്പും കൂടാതെയാണ് പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വിട്ടുകൊടുത്തത്.

മുരികക്കോട്ട് കുന്നിലെ 97/1,78/6,76/1,97/1,76/1 എന്നീ സർവേ നമ്പറുകളിൽ ഖനനത്തിനാണ് ടെസ്ന മൈൻസിന് എൻ.ഒ.സി നൽകിയത്. ഈ പാറക്കുമുകളിൽ അഞ്ചേക്കറോളം കൃഷി ഭൂമി നിലവിലുണ്ട്.

ഇതിന്‍റെ സ്വാഭാവിക പിൻബലമായി നിലകൊള്ളുന്ന ഈ കുന്നിൽ പാറഖനനം നടത്തിയാൽ അത് മുഴുവനായും പെരുമഴകളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തും. മുമ്പ് ഈ പാറയോട് ചേർന്നു പ്രവർത്തിച്ച ക്വാറി കോടതി ഉത്തരവ് മുഖാന്തരം നിർത്തിെവച്ചതാണ്. എന്നിട്ടും ഇപ്പോൾ ഇവിടെ ഖനനാനുമതി ലഭിച്ചു.

രണ്ട് ക്വാറികളും ഒരു ക്രഷറും പ്രവർത്തിച്ചിരുന്ന കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി മലയിലെ അമ്പതേക്കറിലേറെ ഭൂമിയിലാണ് ഖനനം നടത്തുന്നത്. വിഴിഞ്ഞത്തിനായി പാറ വൻതോതിലാവശ്യം വന്നതോടെയാണ് ഇവിടെ പുതിയ പേരിൽ കമ്പനി രൂപവത്കരിച്ച് ഖനനത്തിനിറങ്ങിയത്. ഇവിടങ്ങളിൽ ആധുനിക യന്ത്രോപകരണങ്ങൾ ഉപയോഗിച്ചുള്ള ഖനനം അനുസ്യൂതം തുടരുകയാണ്.

രാപകൽ വ്യത്യാസമില്ലാതെ ദിനംപ്രതി നാനൂറിലധികം ലോഡ് പാറയാണ് വിഴിഞ്ഞത്തേക്ക് പോകുന്നത്. െപാലീസാണെങ്കിൽ 'വിഴിഞ്ഞം പോർട്ട്' എന്ന് രേഖപ്പെടുത്തിയ ലോറികൾക്ക് പിഴ ചുമത്താനും തയാറാകുന്നില്ല.

അതിനാൽതന്നെ ഈ മേഖലകളിൽ അപകടങ്ങളും തുടർക്കഥയാവുകയാണ്. ഖനനത്തിന്റെ പാരസ്ഥിതിക പ്രശ്നങ്ങൾക്കപ്പുറം നാട്ടുകാർക്കിപ്പോൾ പതിവ് തലവേദന പാറ കയറ്റിപ്പോകുന്ന ടിപ്പറുകളാണ്. വിഴിഞ്ഞം ബോർഡ് വെച്ച് മറ്റ് ആവശ്യങ്ങൾക്കും പാറ കൊണ്ടുപോകുന്നുമുണ്ട്.

നിയമം കാറ്റിൽ പറത്തിയുള്ള ടിപ്പറുകളുടെ മരണപ്പാച്ചിൽ

ഓരോ ദിവസവും ക്വാറികളിൽ നിന്ന് നിശ്ചിത എണ്ണം വാഹനങ്ങൾ മാത്രമാണ് നിയമപ്രകാരം അനുവദിക്കേണ്ടത്. ഭാരത്തിനും നിയന്ത്രണമുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന്, വാഹനത്തിന്റെ ബോഡിക്കു മുകളിലായി കൂറ്റൻപാറ കയറ്റിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. റോഡ് വശത്ത് താമസിക്കുന്നവരും യാത്രക്കാരും ഏതു നിമിഷവും വൻ അപകടം സംഭവിക്കാമെന്ന ഭയപ്പാടിലാണ്.

നാട്ടുകാർക്ക് വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥ കൂടി വന്നിരിക്കുകയാണ്. നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല.

കുമ്മിൾ-മുക്കുന്നം-കിളിമാനൂർ റോഡ് വഴിയുള്ള ടോറസ് വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ സന്നദ്ധ പ്രവർത്തകർ കൊല്ലം കലക്ടറെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.

വിശദമായ അന്വേഷണം നടത്തി നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഐരക്കുഴിയിൽ കോളജ് വിദ്യാർഥിയുടെ ജീവനെടുത്ത അപകടം സൃഷ്ടിച്ചത് ടിപ്പർ ലോറിയുടെ അമിത വേഗമായിരുന്നു.

സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ ഓടുന്നതിന് നിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറേയില്ല. കൺസ്ട്രക്ഷൻ കമ്പനികളാകട്ടെ ലൈസൻസ് പോലുമില്ലാത്ത നിർമാണ തൊഴിലാളികളെ വരെ ഉപയോഗിച്ചാണ് ടിപ്പറുകൾ ഓടിക്കുന്നത്.

ഇവ അമിത ലോഡുമായി സഞ്ചരിക്കുന്നത് മൂലം റോഡുകൾ തകരുന്നതിനെതിരെ നാട്ടുകാർ നേരേത്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ക്രഷർകമ്പനികൾ തന്നെ പൊതു റോഡുകൾ നവീകരിച്ചിരുന്നു. പിന്നീട് ഈ റോഡുകളിലൂടെ അമിത വേഗത്തിലായി ടിപ്പറുകളുടെ സഞ്ചാരം.

മുക്കുന്നം കല്ലുതേരിയിൽ അമിത ലോഡുമായി പോകുന്നതിനിടയിൽ കൂറ്റൻപാറ പുറത്തേക്ക് വീണ സംഭവമുണ്ടായി. പരാതി നൽകലും വഴി തടയലുമടക്കമുള്ള സമരങ്ങളുമായി നാട്ടുകാർ വിവിധ ഘട്ടങ്ങളിലായി രംഗത്തുവന്നെങ്കിലും ടിപ്പറുകൾക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

Tags:    
News Summary - vizhinjam Port construction-destroyed hillside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.