തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി നബാർഡിൽനിന്നും 2100 കോടി വായ്പ എടുക്കാൻ സർക്കാർ ഗാരന്റി അനുവദിക്കും. മുമ്പ് ഹഡ്കോയിൽനിന്ന് വായ്പ എടുക്കാൻ സർക്കാർ അനുവദിച്ച ഗാരന്റി റദ്ദാക്കും. നബാർഡ് വായ്പ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥയും ഭേദഗതികളോടെ അംഗീകരിക്കും. കരാർ ഒപ്പുവെക്കാൻ വിസിൽ എം.ഡിക്ക് അനുമതി നൽകാനും വായ്പയുടെ പലിശ സർക്കാർ വഹിക്കുന്നതിനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
തുറമുഖ നിർമാണത്തിനായി ഹഡ്കോയിൽനിന്നെടുക്കുന്ന വായ്പക്ക് ബജറ്റിൽ ഉൾപ്പെടുത്തി ഗാരന്റി നൽകാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞവർഷം ഹഡ്കോയിൽനിന്ന് 3600 കോടി വായ്പയെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ആദ്യഘട്ട തുക അനുവദിച്ചെങ്കിലും തിരിച്ചടവിനുള്ള തുക ഓരോ വർഷവും ബജറ്റിലുൾപ്പെടുത്തണമെന്ന ഹഡ്കോയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. തുടർന്ന് വായ്പ മുടങ്ങി. ഇതിനു ശേഷമാണ് നബാർഡ് വായ്പക്ക് ശ്രമം തുടങ്ങിയത്.
നബാർഡിൽനിന്നു 2100 കോടി രൂപ 8.4 ശതാമനം പലിശക്കാണ് വായ്പയെടുക്കുക. ആദ്യ ഗഡുവായ 700 കോടി ഒരു മാസത്തിനുള്ളിൽ ലഭിക്കും. തിരിച്ചടവിന് രണ്ടു വർഷം മൊറട്ടോറിയം ഉണ്ടാകും. നടപടിക്രമങ്ങൾ അംഗീകരിച്ച് വിസിൽ മാനേജിങ് ഡയറക്ടർ നബാർഡിന് കത്ത് കൈമാറിയിരുന്നു. പുലിമുട്ട് നിർമിച്ച വകയിൽ അദാനി പോർട്സിന് 400 കോടി രൂപയിലേറെയാണ് നൽകാനുള്ളത്. നിർമാണത്തിനുള്ള 1463 കോടി രൂപ നാലു ഗഡുക്കളായി സംസ്ഥാന സർക്കാർ കൈമാറണമെന്നാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.