തിരുവനന്തപുരം: നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് മേയിൽ ട്രയൽ റൺ നടത്തും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദാനി ഗ്രൂപ് തീരുമാനിച്ചു. ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാകും തുറമുഖ പ്രവർത്തനക്ഷമത പരിശോധിക്കുക. വാണിജ്യാടിസ്ഥാനത്തിൽ സെപ്റ്റംബറോടെ തുറമുഖം പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.
ഡിസംബറിൽ കപ്പലെത്തിക്കുമെന്നായിരുന്നു അദാനി ഗ്രൂപ് സർക്കാറിന് നേരത്തേ നൽകിയ ഉറപ്പ്. എന്നാൽ, സെപ്റ്റംബറിൽ ഓണത്തോടനുബന്ധിച്ച് തുറമുഖത്തിന്റെ ആദ്യഘട്ടം പ്രവർത്തന സജ്ജമാക്കാനാവുന്നവിധമാണ് നിർമാണ ജോലികൾ ക്രമീകരിച്ചിട്ടുള്ളത്. തുറമുഖ മേഖലയിൽ ക്രെയിനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബറിൽ ആദ്യ ഘട്ടമായി 15 ക്രെയിനുകളെത്തിച്ചിരുന്നു. 17 ക്രെയിനുകൾ കൂടി ചൈനയിൽനിന്ന് ഉടനെത്തും. മൂന്ന് കപ്പലുകളിലായി ഏപ്രിൽ നാല്, 17, 23 തീയതികളിലായാണ് ഇവ വിഴിഞ്ഞത്ത് എത്തുക. 14 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും നാല് ഷിപ് ടു ഷോർ ക്രെയിനുകളുമാണ് ഉടൻ സ്ഥാപിക്കുന്നത്. ആദ്യ കപ്പലിൽ ആറ് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുണ്ടാകും. രണ്ടാം കപ്പലിൽ രണ്ട് ഷിപ് ടു ഷോർ ക്രെയിനും നാല് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും മൂന്നാം കപ്പലിൽ രണ്ട് ഷിപ് ടു ഷോർ ക്രെയിനും മൂന്ന് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് ഉണ്ടാവുക.
ഒക്ടോബറിൽ ക്രെയിനുമായി ആദ്യ കപ്പലെത്തിയതു മുതൽ തുറമുഖ നിർമാണം വേഗത്തിലാണ്. 2960 മീറ്റർ ബ്രേക്ക് വാട്ടറിന്റെ നിർമാണം കഴിഞ്ഞു. 800 മീറ്റിർ ബെർത്തിൽ 600 മീറ്റർ പൂർത്തിയായി. വിഴിഞ്ഞത്തുനിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിങ് കമ്പനികളുമായുള്ള ചർച്ച നടന്നുവരുകയാണ്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028 ൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെൻറ് സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.