വിദേശ ഫണ്ട് ആരോപണം തള്ളി വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: 100 ദിവസം പിന്നിട്ട അതിജീവനസമരത്തെ നിർവീര്യമാക്കാൻ തൽപര കക്ഷികൾ നിഗൂഢ ഇടപെടലുകൾ നടത്തുന്നുവെന്നാരോപിച്ചും സമരത്തിന് വിദേശ ഫണ്ടെന്ന ആക്ഷേപങ്ങൾ തള്ളിയും വിഴിഞ്ഞം സമരസമിതി. വിദേശ ശക്തികളുടെ പ്രേരണയോടും സാമ്പത്തിക സഹായത്തോടുംകൂടിയാണ് സമരമെന്ന പ്രചാരണം അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ബിഷപ് ഹൗസിൽ മോൺ. യൂജിൻ പെരേര പറഞ്ഞു.

വിദേശ ശക്തികളുമായി ബന്ധപ്പെടുത്തിയുള്ള ദുഷ്പ്രചാരണങ്ങൾ തങ്ങളെ നിർവീര്യമാക്കാനുള്ള ശ്രമമാണ്. സമരത്തിന്‍റെ പേരിൽ ആരെങ്കിലും വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തണം. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയവരായവർക്ക് സമരവുമായി നേരിട്ട് ബന്ധമില്ല.

മത്സ്യത്തൊഴിലാളികളുടെ സമരം പരാജയപ്പെടുത്താൻ പരസ്യമായി ജാതി, മത, വർഗീയ, രാഷ്ട്രീയ സംഘടനകളെ ഇളക്കിവിട്ട് എതിർ സമരം നടത്താൻ സർക്കാറും പിണിയാളുകളും പ്രോത്സാഹനം നൽകുകയാണ്. അനാവശ്യ അന്വേഷണങ്ങളിലൂടെ ആളുകളിൽ ഭയം ജനിപ്പിക്കാൻ നിഗൂഢ നീക്കം നടക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഫാ.ജോൺ ബോസ്കോ, ഫാ.മൈക്കിൾ തോമസ്, പാട്രിക് മൈക്കിൾ, നിക്സൻ ലോപ്പസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

'സമരവീര്യം കെടുത്താൻ സർക്കാർ ശ്രമവും'

ഉന്നയിച്ച ഏഴ് കാര്യങ്ങളിൽ ആറെണ്ണം അംഗീകരിച്ചെന്നാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്നും ഇത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും സമരവീര്യം കെടുത്താനുമുള്ള നീക്കമാണെന്നും വിഴിഞ്ഞം സമരസമിതി. ഏഴാവശ്യങ്ങളിൽ ഒന്നുപോലും ന്യായമായി പരിഹരിക്കാൻ നിർദേശമുണ്ടായിട്ടില്ല. മണ്ണെണ്ണയുടെ വിഷയത്തിൽ ഒരിഞ്ച് പോലും മുന്നോട്ടുപോയിട്ടില്ല. സബ്സിഡിയുടെ കാര്യത്തിൽ വഴുതിമാറുകയാണ്.

കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകുമെന്ന് പറഞ്ഞെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ വഴിമുട്ടി. തീരദേശ ഹൈവേ, ദേശീയപാത വികസനത്തിനുവേണ്ടി വസ്തു എടുക്കുന്ന രീതിയിൽ തീരത്ത് വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞെങ്കിലും പുനർഗേഹം പദ്ധതിയിൽ വീട് നിർമിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുതലപ്പൊഴി, വിഴിഞ്ഞം മേഖലയിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തുമെന്ന് സർക്കാർ യോഗങ്ങളിൽ ഉറപ്പുനൽകിയെങ്കിലും ഉത്തരവ് വന്നപ്പോൾ ആ രീതിയിലല്ലായിരുന്നു സമീപനമെന്നും സമരസമിതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Vizhinjam protesters rejected foreign fund allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.