വിഴിഞ്ഞം: വലിയ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ ഹൈകോടതിയിൽ. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് സമരക്കാർ എന്നതിനാൽ ബലപ്രയോഗത്തിന് പരിമിതിയുണ്ടെന്ന സർക്കാർ നിലപാട് സമരക്കാർ തുറുപ്പുചീട്ടാക്കരുതെന്ന് കോടതി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് കമ്പനിയും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

വലിയ വാഹനങ്ങൾ തടയില്ലെന്ന സമരക്കാരുടെ ഉറപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് അനു ശിവരാമൻ, ഹരജി വീണ്ടും നവംബർ 28ന് പരിഗണിക്കാൻ മാറ്റി. തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞില്ലെന്ന് ഹരജിക്കാർ വാദിച്ചു. നിർമാണം നിലച്ചിട്ട് നൂറുദിവസങ്ങൾ പിന്നിട്ടു.

പന്തൽ പോലും നീക്കം ചെയ്യാതെ സമരക്കാർ റോഡിൽ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പദ്ധതി പ്രദേശത്തെ യഥാർഥ വസ്തുതകൾ കോടതിയെ ബോധ്യപ്പെടുത്താൻ അഭിഭാഷക കമീഷനെ നിയോഗിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തേക്ക് വാഹനങ്ങളൊന്നും വന്നിട്ടില്ലെന്നായിരുന്നു സമരക്കാരുടെ മറുപടി.

വാഹനങ്ങൾ പോകാൻ തടസ്സമുണ്ടെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നതെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. സമരം പരിധി വിട്ടാൽ കർശന നടപടിക്ക് പൊലീസിനും കോടതിക്കും കഴിവില്ലെന്ന് തെറ്റിദ്ധരിക്കരുത്. തുറമുഖ നിർമാണം തടസ്സപ്പെടുത്താനോ വാഹനങ്ങൾ തടയാനോ മുതിരരുതെന്നും മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Vizhinjam: Protesters will not stop big vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.