യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: രൂക്ഷവിമർശനവുമായി വി.എം. സുധീരൻ

തൃശൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സംഘടന തെരഞ്ഞെടുപ്പ് നടത്താൻ സ്വകാര്യ ഏജൻസിയെ ഏൽപിക്കുകയെന്നതുതന്നെ ശരിയായ രീതിയല്ല. കാരണം, അത്തരം ഏജൻസികൾക്ക് താൽപര്യങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസം മുമ്പ് യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സമ്മേളനം തൃശൂരിൽ നടന്നപ്പോൾ ഈ രീതി ശരിയല്ലെന്ന് താൻ പറഞ്ഞതാണ്. പ​േക്ഷ അവഗണിച്ചു. യൂത്ത് കോൺഗ്രസ് ദേശീയനേതൃത്വത്തിന് സംഭവിച്ചത് ഗുരുതര പിഴവാണ്. ഈ രീതി ശരിയല്ലെന്ന് കേരളത്തിലുള്ളവർ ആദ്യമേ ഒറ്റക്കെട്ടായി പറയണമായിരുന്നു.

ദേശീയനേതൃത്വം തെറ്റ് തിരുത്താൻ തയാറാവണം. മെംബർഷിപ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്നും വി.എം. സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ അംഗത്വത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജ തിരിച്ചറിയില്‍ രേഖയുണ്ടാക്കിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണ് പൊലീസ് തന്നെ വിളിപ്പിച്ചതെന്ന് രാഹുൽ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ നിന്നും ഒഴിഞ്ഞുമാറില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷനിലാണ് രാഹുൽ ഹാജരായത്. മൂന്നര മണിക്കൂറാണ് രാഹുലിനെ ​പൊലീസ് സംഘം ചോദ്യം ചെയ്തത്. കേസിനെ രാഷ്ട്രീയമായി നേരിടും. വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല. മൊഴിയെടുക്കാൻ വിളിപ്പിക്കുമ്പോൾ യാത്ര ചെലവ് പൊലീസ് നൽകേണ്ടതാണ്. പക്ഷേ തനിക്ക് ആ പണം വേണ്ട.​ കെ.പി.സി.സി ഇതുമായി ബന്ധപ്പെട്ട് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - VM Sudheeran criticize Youth Congress election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.