വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറ്​ പദവി രാജിവെച്ചു

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്തുനിന്ന് വി.എം. സുധീരന്‍ രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ ഇന്ദിരഭവനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ്  അപ്രതീക്ഷിത രാജിപ്രഖ്യാപനം. ആരോഗ്യപ്രശ്നങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 
രാജിക്കത്ത് ഹൈകമാന്‍ഡിന് ഉടന്‍ അയച്ചുകൊടുക്കുമെന്ന് സുധീരന്‍ അറിയിച്ചു. അടുത്ത ചില വിശ്വസ്തര്‍ ഒഴികെ അധികമാരെയും അറിയിക്കാതെയായിരുന്നു  പ്രഖ്യാപനം. കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്ത് മൂന്നുവര്‍ഷവും ഒരു മാസവും പൂര്‍ത്തീകരിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട സന്ദര്‍ഭത്തില്‍, അതിന് സാധിക്കാത്തവിധം ആരോഗ്യപ്രശ്നം ഉണ്ടായതിനാലാണ് രാജിയെന്ന് സുധീരന്‍ അറിയിച്ചു. പല തടസ്സങ്ങള്‍ വരുമെന്നതിനാല്‍ ഇക്കാര്യം ആരോടും കൂടിയാലോചിച്ചിട്ടില്ല. അതില്‍ താന്‍ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു.  വ്യക്തിപരമായ അസൗകര്യം പാര്‍ട്ടി പ്രവര്‍ത്തനത്തെ ഒരു കാരണവശാലും ബാധിക്കരുതെന്നാണ് തന്‍െറ നിലപാട്. വഹിക്കുന്ന സ്ഥാനത്തോട് എന്നും നീതി പുലര്‍ത്തുന്നതാണ് ശൈലി. അനാരോഗ്യം മുന്‍നിര്‍ത്തി, കെ.പി.സി.സി പ്രസിഡന്‍റിന്‍െറ ചുമതല താല്‍ക്കാലികമായി മറ്റൊരാളെ ഏല്‍പിച്ച് മാറിനില്‍ക്കാമായിരുന്നു. എന്നാല്‍, അത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ല. പ്രതിപക്ഷ പ്രവര്‍ത്തനം സജീവമായി നടക്കേണ്ട ഘട്ടത്തില്‍ ഇടക്കാലത്തേക്കുപോലും മാറിനില്‍ക്കുന്നത് ശരിയാവില്ല. ഓരോ ദിവസവും ഓരോ പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ അതിലൊന്നും ഇടപെടാനാവാതെ വരുമ്പോള്‍ രാജിയല്ലാതെ മറ്റ് മാര്‍ഗമില്ല. അപകടത്തെ തുടര്‍ന്നുള്ള അനാരോഗ്യം കാരണം കെ.പി.സി.സി അധ്യക്ഷസ്ഥാനത്തോട് നീതിപുലര്‍ത്താനാവാത്ത സാഹചര്യമാണെന്നും സുധീരന്‍ വ്യക്തമാക്കി. 
2014 ഫെബ്രുവരി 10ന് രമേശ് ചെന്നിത്തലയുടെ പിന്‍ഗാമിയായാണ് സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്ത് നിയമിതനായത്. സംസ്ഥാന കോണ്‍ഗ്രസിലെ രണ്ട് പ്രബല ഗ്രൂപ്പും മുന്നോട്ടുവെച്ച പേരുകള്‍ തള്ളിയാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് സുധീരനെ പാര്‍ട്ടിയുടെ സംസ്ഥാനത്തെ ചുക്കാന്‍ ഏല്‍പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഇരുഗ്രൂപ്പും സുധീരനെ ഒഴിവാക്കാന്‍ ഒന്നിച്ചുനിന്ന് ശ്രമിച്ചിട്ടും ഹൈകമാന്‍ഡ് വഴങ്ങിയില്ല. എന്നാല്‍, കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വേദിയില്‍ വീണ് പരിക്കേറ്റിരുന്നു. വാരിയെല്ലിന് പരിക്കേറ്റ അദ്ദേഹം വസതിയില്‍ വിശ്രമത്തിലാണ്. കുറച്ചുകാലത്തേക്ക് ചികിത്സയും വിശ്രമവും വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

 

Full View
Tags:    
News Summary - vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.