നിർമ്മാണപ്രവൃത്തികളിൽ ലേബർ സൊസൈറ്റികൾക്കു പരിഗണന ഉറപ്പാക്കുമെന്ന് വി.എൻ.വാസവൻ

തിരുവനന്തപുരം: നിർമാണപ്രവൃത്തികളിൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾക്ക് അർഹമായ പരിഗണന നൽകുന്നതിനായുള്ള പരിഷ്കരണങ്ങൾക്ക് സഹകരണ വകുപ്പ് മുൻകൈ എടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. കേരളവികസനത്തിൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ പങ്കും അവ നേരിടുന്ന പ്രശ്നങ്ങളും ചർച്ചചെയ്യാനും പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്താനുമായി കേരള ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റീസ് വെല്‍ഫെയര്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന സെമിനാറും ശിൽപ്പശാലകളും സഹകരണഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടെൻഡറുകളിൽ സ്വകാര്യ കരാറുകാരേയും ലേബർ കോപ്പറേറ്റീവുകളേയും ഒരുപോലെ പരിഗണിക്കുന്ന സ്ഥിതി മാറണം. ഇതിനായി പി.ഡബ്ല്യു.ഡി. മാന്വൽ അടക്കം പരിഷ്കരിച്ച് നിയമവ്യവസ്ഥ ഉണ്ടാക്കണം. ഇതടക്കമുള്ള പ്രശ്നങ്ങൾ പൊതുമരാമത്ത്, ധനകാര്യ വകുപ്പുകളുമായി ചേർന്നു പരിഹരിക്കാൻ സഹകരണവകുപ്പ് മുൻകൈ എടുക്കും.

ജില്ലാബാങ്കുകളിൽനിന്നു ലഭിച്ചുവന്ന ക്യാഷ് ക്രെഡിറ്റും പവർ ഓഫ് അറ്റോർണിയിലുള്ള വായ്പയും കേരള ബാങ്കിലൂടെയും ലഭ്യമാക്കും. വിലവർദ്ധന പരിഹരിക്കാൻ നിർമ്മാണസാമഗ്രികൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നകാര്യം വലിയ സംഘങ്ങൾ ആലോചിക്കണമെന്നു മന്ത്രി നിർദ്ദേശിച്ചു.

രണ്ടരലക്ഷം കോടി രൂപ നിക്ഷേപമുള്ള കേരളത്തിലെ സഹകരണമേഖല ഒരു ബദലാണെന്ന് മുഖ്യാതിഥിയായ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 'കേരളവികസനത്തിൽ ലേബർ സഹകരണസംഘങ്ങളുടെ പങ്ക്' എന്ന വിഷയം മുൻമന്ത്രി ഡോടി.എം. തോമസ് ഐസക്ക് അവതരിപ്പിച്ചു. നവകേരളനിർമ്മിതിയിൽ ലേബർ കോപ്പറേറ്റീവുകളുടെ പങ്കും സാധ്യതകളും വളരെ വലുതാണ്. ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രോട്ടോക്കോൾ, സാങ്കേതികനവീകരണം, തൊഴിലാളികൾക്കു നൈപുണ്യ-വൈദഗ്ധ്യ പരിശീലനം, മികച്ച മാനേജ്‌മെന്റ്, സോഷ്യൽ ഓഡിറ്റ് എന്നിവ തൊഴിലാളി സഹകരണ സംഘങ്ങൾ ശീലമാക്കണം. കേരളത്തിന്റെ ചാലകശക്തിയായി ഇത്തരം സഹകരണ പ്രസ്ഥാനങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണസെക്രട്ടറി മിനി ആൻറണി അധ്യക്ഷത വഹിച്ചു. വെൽഫെയർ അസോസിയേഷൻ്റെ വെബ്സൈറ്റ് സഹകരണസംഘം രെജിസ്ട്രാർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ലേബർ ഫെഡ് ചെയർമാൻ ജോസ് പാറപ്പുറം, ഊരാളുങ്കൽ ലേബർ സഹകരണസംഘം ചെയർമാൻ രമേശൻ പാലേരി, നാഷണൽ ലേബർ ഫെഡറേഷൻ ഡയറക്റ്റർ റ്റി. കെ. കിഷോർ കുമാർ, അസോസിയേഷൻ പ്രസിഡൻ്റ് എ. സി. മാത്യു, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എ. സ്കറിയ എന്നിവർ സംസാരിച്ചു.

Tags:    
News Summary - VN Vasavan said that consideration will be given to labor societies in construction works

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.