കൊല്ലപ്പെട്ട സന്ദീപ്​, അഞ്ചാം പ്രതി വിഷ്​ണുകുമാർ

'ഞാനാ അവന്‍റെ പെടലിക്ക്​ വെട്ടിയത്, സീനായി' -സന്ദീപ് വധക്കേസ്​ പ്രതിയുടെ ഫോൺ സംഭാഷണം പുറത്ത്;​ ഡമ്മി പ്രതികളെ ഹാജരാക്കാനും നീക്കം

പത്തനംതിട്ട: തിരുവല്ലയിൽ സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ വെട്ടിക്കൊന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതിയുടെ ഫോൺ സംഭാഷണം പുറത്ത്​. കേസിലെ അഞ്ചാം പ്രതി അഭിയെന്ന വിഷ്‌ണുകുമാർ വേങ്ങലയിലെ ബി.ജെ.പി ബന്ധമുള്ള സുഹൃത്തിനോട്‌ സംസാരിക്കുന്നതാണ്​ ശബ്​ദരേഖ. കൃത്യം നടന്നതിന്​ തൊട്ടുടനെ വിളിച്ചതെന്ന്​ കരുതുന്ന സംഭാഷണത്തിൽ, ഒരു നിരപരാധിയുടെ ജീവനെടുത്തതിന്‍റെ യാതൊരു കൂസലുമില്ലാതെയാണ്​ പ്രതി സംസാരിക്കുന്നത്​.

താനാണ്​ അവന്‍റെ (സന്ദീപിന്‍റെ) പെടലിക്ക്​ വെട്ടിയതെന്നും ചത്തുപോയെന്നും സീനായെന്നും ഇതിൽ പറയുന്നുണ്ട്​. പൊലീസിനുമുമ്പാകെ ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ശ്രമവും ഫോൺ സംഭാഷണത്തിൽ വിവരിക്കുന്നു. പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ കീഴടങ്ങുമെന്നും എന്നാല്‍ തന്നോട്‌ കീഴടങ്ങേണ്ടെന്നാണ്‌ നിർദേശിച്ചിരിക്കുന്നതെന്നും ഇയാൾ പറയുന്നു. തനിക്ക് പകരം മറ്റ് പ്രതികളെ ജയിലില്‍ കയറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്​. അതിനുവേണ്ട സൗകര്യങ്ങളും നിർദേശങ്ങളും ചെയ്‌തു തന്നതായും ഇയാൾ പറയുന്നു. ഇത്​ കൃത്യത്തിനുപിന്നിലുള്ള ഗൂഡാലോചനയിലേക്കും ആസൂത്രകരിലേക്കുമാണ്​ വിരൽചൂണ്ടുന്നത്​.

പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവർ പോലീസിൽ കീഴടങ്ങുമെന്നും എന്നാൽ താൻ കയറേണ്ടതില്ലെന്നാണ് നിർദേശമെന്നും വിഷ്ണു പറയുന്നു. ആക്രമണം നടത്തിയ ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരിയിലുള്ള സുഹൃത്തിനെയാണ് വിളിച്ചത്. കോൺഫറൻസ് കോളിൽ തിരുവല്ലയിലുള്ള ഒരു സുഹൃത്തിനേയും ഉൾപ്പെടുത്തുകയായിരുന്നു. സംഭാഷണത്തിന്‍റെ ആധികാരികത ഉറപ്പുവരുത്താൻ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ട്.

ഫോൺ സംഭാഷണത്തിൽനിന്ന്​

സുഹൃത്ത്: ഹലോ

വിഷ്ണു: ആ.. എവിടെയുണ്ട് അണ്ണാ

സുഹൃത്ത്: ഞാൻ വീട്ടിൽ വന്നു.

വിഷ്ണു: സീനായി കേ​ട്ടോ അണ്ണാ.. ഒരു സീനുണ്ടേ

സുഹൃത്ത്: സീൻ ഞാൻ അറിഞ്ഞു

വിഷ്ണു: അത് നമ്മളാ ചെയ്തത്. ആരോടും പറയണ്ട കേട്ടോ

സുഹൃത്ത്: ആ.. ജിഷ്​ണു ആണെന്നൊക്കെ ഞാൻ അറിഞ്ഞെടാ..

വിഷ്ണു: ആ.. ഞാനുണ്ടായിരുന്നു. ആരോടും പറയണ്ട. ഞാൻ കയറുന്നില്ല. അവൻമാര്​ മൂന്നുനാല് പേർ വേറെ കയറാനുണ്ട്, പിള്ളേര്. ഞാൻ കേറെണ്ടന്നു പറഞ്ഞു. ചേട്ടൻ ഇപ്പോ വിളിച്ചു പറഞ്ഞിരുന്നു എന്നെ കേറ്റണ്ടെന്ന്​.

സുഹൃത്ത്​: എന്തിനായിരുന്നു കാണിച്ചത്​..

വിഷ്ണു: അവൻമാര്​ മൂന്നുപേര്​ കേറും. ഇവൻമാരെ മാറ്റീട്ട്​ വേറെ മൂന്ന്​ പേര്​ കേറും. ഞങ്ങൾ അഞ്ചുപേരാ ചെയ്​തത്​. ഞാനാ അവന്‍റെ പെടലിക്ക്​ വെട്ടിയത്​. ജിഷ്ണു ഉൾപ്പടെ. അനന്തുവും പ്രമോദും ചിലപ്പോൾ കയറും.

സുഹൃത്ത്: കാര്യം എന്തായിരുന്നെടാ?

വിഷ്ണു: അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു. കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തു. ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ

സുഹൃത്ത്​: ജിഷ്​ണുവും പ്രമോദും ഉണ്ടയിരുന്നോ?

വിഷ്​ണു: ഉണ്ടായിരുന്നു. ഞങ്ങൾ അഞ്ചുപേരാ ചെയ്​തത്​.

സുഹൃത്ത്: സീൻ ആയല്ലോ

വിഷ്ണു: ആ.. അവൻ ചത്തുപോയി, സീൻ ആയി. ഞാൻ കയറുന്നില്ല. ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്. കേ​ട്ടോ..

കേസിൽ ബി.ജെ.പി പ്രവർത്തകനും യുവമോർച്ച മുൻ ഭാരവാഹിയുമായ തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24), കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽ (22), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി -25) എന്നിവരാണ് ഇതുവരെ പിടിയിലായത്. കൊലപാതകം, വധഭീഷണി ഉൾപ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.


കൃത്യം നടത്തിയ ശേഷം അഞ്ചംഗ സംഘം മൂന്നായി തിരിഞ്ഞു. ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർ കരുവാറ്റയിലേക്കാണ് പോയത്. മുഹമ്മദ് ഫൈസൽ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാർ സ്വന്തം വീട്ടിലേക്കുമാണ് പോയത്. ജിഷ്ണുവും സന്ദീപുമായി മുൻപും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തുവെന്നും വിഷ്ണു സംഭാഷണത്തിൽ പറയുന്നുണ്ട്. സന്ദീപ് മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാർ പറയുന്നുണ്ട്.

സംഭവത്തിൽ പ്രതികളുടെ എല്ലാവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സനൽകുമാർ ആവശ്യപ്പെട്ടു. ബി.ജെ.പിയിൽ നേരിട്ട് കുറ്റം പതിക്കാതിരിക്കാൻ യുവമോർച്ച നേതാവിന്‍റെ നേതൃത്വത്തിലുള്ള കൊട്ടേഷൻ സംഘത്തെ വിലക്കെടുക്കുകയായിരുന്നു എന്നും സി.പി.എം നേതൃത്വം ആരോപിച്ചു.

പ്രതികളിൽ രണ്ടുപേരുടെ ഫോണുകൾ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് നഷ്ടപ്പെട്ടു എന്നാണ്​ പ്രതികൾ പറയുന്നത്. ഇക്കാര്യം പൊലീസ്മുഖവിലക്കെടുത്തിട്ടില്ല. നിലവിൽ സൈബർസെൽ സഹായത്തോടെ ഫോണുകൾ പരിശോധിച്ചുവരികയാണ്.

Tags:    
News Summary - voice clip relating to the murder of Sandeep Kumar has come out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.