കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം വാട്ട്സ്ആപ് വഴി പുറത്തുവന്ന സംഭവത്തിൽ കോൺഗ്രസ് ജില്ല അന്വേഷണ കമീഷൻ തെളിവെടുപ്പ് നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി അജീഷ് എടാലത്ത് എന്നിവരാണ് ചോക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.
ഷൗക്കത്തിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലാണ് കമീഷൻ റിപ്പോർട്ട് നൽകിയതെന്നാണ് സൂചന. പദ്ധതികൾ നടപ്പാക്കുമ്പോൾ കമീഷൻ ലഭിക്കാറുണ്ടെന്ന തരത്തിൽ ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്തിന്റെ വാട്സ്ആപ് സന്ദേശമാണ് പുറത്തായത്. ഇദ്ദേഹം ചൊവ്വാഴ്ച രാജിവെച്ചേക്കുമെന്നറിയുന്നു.
ചോക്കാട്ട് യു.ഡി.എഫ് ധാരണ പ്രകാരം രണ്ടര വർഷത്തെ പ്രസിഡന്റ് കാലാവധി അവസാനിക്കാൻ ആറ് മാസമാണുള്ളത്. ആറു മാസം കഴിഞ്ഞാൽ ലീഗിനാകും പ്രസിഡന്റ് പദം. പുതിയ പ്രസിഡന്റ് കോൺഗ്രസിൽ നിന്ന് തന്നെയാവുമെന്നാണ് കരുതുന്നത്. മഞ്ഞപ്പെട്ടി വാർഡ് അംഗം നീലാമ്പ്ര സിറാജ്, ഒറവൻകുന്ന് അംഗം അറക്കൽ സക്കീർ ഹുസൈൻ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്.
കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് സി.പി.എം ചോക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.യു.ഡി.എഫ് ഭരിക്കുന്ന ചോക്കാട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായ ചൂരപ്പിലാൻ ഷൗക്കത്ത് സ്വകാര്യ സംഭാഷണത്തിനിടെ അദ്ദേഹം നടത്തിയ അഴിമതി സ്വയം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. പഞ്ചായത്തിൽനിന്ന് ഗുണഭോക്താക്കൾക്ക് നൽകുന്ന കട്ടിൽ, വളം തുടങ്ങിയവയിൽ കമീഷൻ കൈപ്പറ്റിയ വിവരമാണ് പുറത്ത് വന്നത്.
മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു. വി.പി. സജീവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷാഹിന ഗഫൂർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ടി. മുജീബ് സ്വാഗതവും എം. അൻവർ നന്ദിയും പറഞ്ഞു.കെ.എസ്. അൻവർ, പി. അഭിലാഷ്, പി. കേശവദാസ്, കെ.എസ്. അൻസാർ, കെ. നജ്മുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.