വോട്ടര്‍പട്ടിക വീണ്ടും പുതുക്കുന്നു; നവംബര്‍ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നവംബര്‍ 30 വരെ പേര് ചേര്‍ക്കാം. കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചു. പുതിയ അപേക്ഷകള്‍ കൂടി സ്വീകരിച്ച ശേഷം ജനുവരി 14ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 31നാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. കരട്പട്ടികയുടെ സി.ഡിയിലുള്ള പകര്‍പ്പ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ.മാജിക്ക് നല്‍കി പ്രകാശനം ചെയ്തു. കരട് പട്ടികയില്‍ 2,52,48,593 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,21,93,594 പുരുഷന്മാരും 1,30,54,993 സ്ത്രീകളും ആറു ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു.

ഈമാസം 30 വരെ പേര് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലൂടെ  (www.ceo.kerala.gov.in )  ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അടുത്ത അക്ഷയ കേന്ദ്രങ്ങളില്‍നിന്ന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നതിന് 25 രൂപ സര്‍വിസ് ഫീസ് നല്‍കണം. ബൂത്തിന്‍െറ ചുമതലയുള്ള ബൂത്ത് തല ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീടുകളിലത്തെി നേരിട്ട് അന്വേഷണം നടത്തും.

പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം ഓണ്‍ലൈനായി ഫോട്ടോ അപ്ലോഡ് ചെയ്യാത്തവരുടെ ഫോട്ടോകളും ശേഖരിക്കും. ബൂത്ത് തല ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ തീരുമാനം എടുക്കും.
അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം പുതുതായി പട്ടികയില്‍ പേര് ചേര്‍ത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ബൂത്ത് തല ഉദ്യോഗസ്ഥര്‍ മുഖേന അപേക്ഷകരുടെ വീടുകളിലത്തെിക്കും.

ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്കുള്ള കുടിശ്ശിക
സംസ്ഥാനത്തെ വോട്ടര്‍പട്ടിക ശുദ്ധീകരണത്തിനായി വോട്ടര്‍മാരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് 2015-ല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപ്പാക്കിയ ദേശീയ വോട്ടര്‍പട്ടിക ശുദ്ധീകരണ പരിപാടിക്ക് ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന 50 ശതമാനം കുടിശ്ശിക അനുവദിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഉത്തരവായി.

 

Tags:    
News Summary - voters list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.