വീട്ടിലെത്തി വോട്ടിങ്: കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശം നൽകി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കണ്ണൂര്‍ പുതിയതെരു മാഗ്നറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിധ പരാതിക്കും ഇടയില്ലാത്ത വിധം ഇതിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണം. പോസ്റ്റല്‍ ബാലറ്റിനു അപേക്ഷിച്ച അര്‍ഹതപ്പെട്ട എല്ലാവരെയും വിവരം അറിയിക്കണം. വോട്ട് ചെയ്യിക്കാന്‍ ടീം വീട്ടില്‍ എത്തുന്ന സമയം മുന്‍കൂട്ടി അവരെ അറിയിക്കണം. പോസ്റ്റല്‍ ബാലറ്റ് വോട്ടിങ് സംബന്ധിച്ച കണക്കുകളും കൃത്യമാണെന്ന് ഉറപ്പാക്കണം.

വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍ക്കു പോളിങ് ബൂത്തില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ഇക്കാര്യം പരമാവധി ജനങ്ങളില്‍ എത്തിക്കുകയും വേണം. പോളിങ് ദിവസം കടുത്ത ചൂട് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ എല്ലാ ബൂത്തുകളിലും വെയില്‍ കൊള്ളാതെ വരി നില്‍ക്കാന്‍ കഴിയുന്ന സൗകര്യം ഒരുക്കണം. ആവശ്യമായ കുടിവെള്ളം, ഇരിക്കാനുള്ള കസേരകള്‍ തുടങ്ങിയവയും ഉറപ്പാക്കണം. ബൂത്തില്‍ മുതിര്‍ന്ന പൗരമാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കണം. പോളിങ്ങ് ബൂത്തുകളിലെ റാമ്പുകള്‍ ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം എ.ആർ.ഒ മാരോടും ഇ.ആർ.ഒ മാരോടും നിർദേശിച്ചു.

സക്ഷം മൊബൈല്‍ ആപ്പ് വഴി ആവശ്യപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് വാഹനം, വളണ്ടിയര്‍, വീല്‍ ചെയര്‍ എന്നിവ നല്‍കാന്‍ സംവിധാനം ഒരുക്കുന്നുണ്ട്. ഇതും പരാതി രഹിതമായി നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ സൗകര്യം ലഭ്യമാണെന്ന കാര്യത്തിനും ആവശ്യമായ പ്രചാരണം നല്‍കണം. സക്ഷം മൊബൈല്‍ ആപ്പ് വഴി വരുന്ന അപേക്ഷകള്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു മോണിറ്റര്‍ ചെയ്യുകയും ആവശ്യമായ നടപടി എടുക്കുകയും വേണം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. പോളിങ് സമാധാനപരവും കുറ്റമറ്റതും ആയി നടത്താന്‍ ആവശ്യമായ എല്ലാ നടപടികളും കമീഷന്‍ ചെയ്തു വരുന്നുണ്ട്. പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ അഡീഷണല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വി.ആര്‍ പ്രേംകുമാര്‍, വിവിധ ജില്ലകളിലെ കലക്ടർമാരായ അരുണ്‍ കെ.വിജയന്‍( കണ്ണൂർ), സ്‌നേഹില്‍കുമാര്‍ സിങ്, (കോഴിക്കോട്), കെ. ഇമ്പശേഖർ(കാസര്‍കോട്), ഡോ രേണു രാജ് (വയനാട്) തുടങ്ങിയവരം ഈ ജില്ലകളില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി നാല് ജില്ലകളിലെ പോലിസ് മേധാവികള്‍, പരിശോധന വിഭാഗങ്ങളുടെ ചുമതലയുള്ള ഉദ്യാഗസ്ഥര്‍ എന്നിവരുടെ യോഗവും ചേര്‍ന്നു. യോഗത്തില്‍ തിരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടത്തിന്നതിനുവേണ്ടിയുള്ള നിർദേശങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസ് മേധാവികള്‍ക്ക് നല്‍കി. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ്, ഡി.ഐ.ജി യും കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുമായ രാജ് പാല്‍ മീണ, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം. ഹേമലത, കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവി പി.ബിജോയ്, വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Voting at home: Chief Electoral Officer says it should be conducted flawlessly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.