തിരുവനന്തപുരം: ‘വി.എസ് ഇന്നൊരു കാവലാൾ, വിപ്ലവ നെഞ്ചുള്ള കാവലാൾ..’ ഇൗണത്തുടിപ്പുകൊണ്ട് വി.എസിെൻറ 94ാം ജന്മദിനം വേറിട്ടതാക്കാൻ, മലപ്പുറം സ്വദേശി റമിൽ ഒരുക്കിയ ‘കാവലാൾ’ സംഗീതത്തിൽ സാക്ഷാൽ സഖാവ് മുഴുകിയിരുന്നു. പാട്ടുകേട്ട് കണ്ണുമടച്ചിരിക്കുന്ന വി.എസിനെക്കൊണ്ട് എന്തെങ്കിലുമൊക്കെ പറയിപ്പിക്കണമല്ലോ. വാർത്താലേഖകർ ചോദ്യങ്ങളെറിഞ്ഞു തുടങ്ങി- ‘അല്ല വി.എസേ, പാട്ടിൽ കാവലാളെന്നൊക്കെ പറയുന്നുണ്ടല്ലോ വി.എസ് ഇപ്പോഴും കാവലാളാണോ?’.ചോദ്യത്തിൽ ഒരു ‘സ്പെല്ലിങ് മിസ്റ്റേക്ക്’ മണത്തപോലെ വി.എസ് ചെറുതായൊന്ന് പുഞ്ചിരിച്ചു. പിന്നെ എല്ലാവരെയും നോക്കി പറഞ്ഞു. ‘പാട്ട് നന്നായിട്ടുണ്ട്, അല്ലേ.’ശനിയാഴ്ച ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിൽ ഭാര്യ വസുമതിക്കും മക്കൾക്കും മരുമകനും ചെറുകുട്ടികളോടുമൊപ്പമായിരുന്നു വി.എസ്. അച്യുതാനന്ദെൻറ പിറന്നാൾ ആഘോഷം. രാവിലത്തെ വ്യായാമത്തിനും യോഗക്കും വെയിലുകൊള്ളലുകൾക്കുമൊന്നും ഒരു മാറ്റവും ഉണ്ടായില്ല.
പതിവിൽനിന്ന് വിപരീതമായി ഒട്ടനവധി സാധാരണക്കാരുടെ ടെലിഫോൺ കാളുകളായിരുന്നു പിറന്നാൾ ദിനത്തിൽ പുലർച്ച മുതൽ വി.എസിനെ തേടിയെത്തിയത്. 10.30ന് പാർട്ടി പ്രവർത്തകരുടെയും വീട്ടുകാരുടെയും നേതൃത്വത്തിൽ കേക്ക് മുറിച്ചു. പിറന്നാൾ ദിനത്തിൽ എന്താണ് ജനങ്ങളോട് പറയാനുള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രാജ്യത്തെയും കേരളത്തിലെയും മുഖ്യശത്രുക്കളോട് സന്ധിയില്ലായെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോവുക എന്നായിരുന്നു മറുപടി . തുടർന്ന്, മകൻ അരുൺകുമാറിെൻറ കൈപിടിച്ച് ഓഫിസ് മുറിയിലേക്ക്. ഇതിനിടയിൽ വി.എസിെൻറ ജന്മദിന തീയതിയുള്ള കറന്‍സിനോട്ടുകളുടെ ശേഖരവുമായി നടക്കാവ് സ്വദേശി എം.കെ. ലത്തീഫ് എത്തി. ഉച്ചക്ക് വീട്ടുകാർക്കൊപ്പം സദ്യ. ഇതിനിടയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , ജനതാദൾ- യു നേതാവ് എം.പി. വീരേന്ദ്രകുമാർ തുടങ്ങിയവരും ടെലിഫോണിൽ വി.എസിന് ജന്മദിനാശംസ നേർന്നു. വൈകുന്നേരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഇതായിരുന്നു ശനിയാഴ്ച വി.എസിനുണ്ടായിരുന്ന ഏക പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.