വി.എസിനെതിരായ അച്ചടക്കനടപടി താക്കീതിലൊതുങ്ങി; ജയരാജനെതിരെയും നടപടിയില്ല

തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ അച്ചടക്കനടപടി താക്കീതിലൊതുങ്ങി. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വി.എസ് പാർട്ടിയേയും പാർട്ടി വി.എസിനെയും വിശ്വാസത്തിലെടുത്ത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഇതോടെ വി.എസിനെതിരായ നടപടികൾ പി.ബി കമ്മിഷന്‍ അവസാനിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങളിൽ വി. എസ് സംതൃപ്തി പ്രകടിപ്പിച്ചു. മുതിർന്ന നേതാവെന്ന നിലയിൽ വി.എസ് അച്ചടക്കം പാലിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വി.എസ് പാർട്ടിക്ക് വഴങ്ങണം. പാർട്ടിയുടെ സ്ഥാപക നേതാവായ വി.എസ് പുതിയ തലമുറക്ക് വഴികാട്ടിയായി മുന്നിലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തള്ളിയ കേന്ദ്ര കമ്മിറ്റി വി.എസിനെ സംസ്ഥാന സമിതിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി. സംസ്ഥാന സമിതിയിൽ സംസാരിക്കാനുള്ള അനുവാദവും വി.എസിനുണ്ടാകും. എന്നാൽ വോട്ടെടുപ്പിൽ വി.എസിന് പങ്കെടുക്കാനാകില്ല. വി.എസിനെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യവും കേന്ദ്ര കമ്മിറ്റി തള്ളിയിട്ടുണ്ട്. നേരത്തേ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വം വേണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചക്കിടെ വി.എസ് ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽനിന്ന് വി.എസ് ഇറങ്ങിപ്പോയത് ഉൾപ്പെടെയുള്ള അച്ചടക്കലംഘനങ്ങൾ സംബന്ധിച്ച പി.ബി റിപ്പോർട്ടിന്മേലാണ് നടപടി. വി.എസിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു യെച്ചൂരിയടക്കമുള്ളവരുടെ വിഭാഗം. എന്നാൽ ലഘുവായെങ്കിലും നടപടി വേണമെന്ന നിലപാടിലായിരുന്നു പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ വാദിച്ചത്. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായ സമയത്തുമൊക്കെയായി വി.എസ് പാർട്ടി നേതൃത്വത്തിനെതിരായി നടത്തിയ പ്രസ്താവനകളും പ്രവർത്തികളും അക്കമിട്ടു നിരത്തുന്നതായിരുന്നു പി.ബി റിപ്പോർട്ട്. 

അതേസമയം ബന്ധുനിയമനവിവാദത്തിൽ ഇ.പി. ജയരാജനെതിരെയും പി.െക ശ്രീമതിക്കെതിരെയും പാർട്ടി നടപടിയെടുത്തില്ല. വിഷയത്തിൽ കേസന്വേഷണം നടക്കുന്നതിനെ നടപടി സ്വാധീനിച്ചേക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇരുവരുടെയും പ്രവർത്തി പാർട്ടിക്ക് യോജിച്ചതല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യം അടുത്ത കേന്ദ്രകമ്മിറ്റിയിൽ ചര്‍ച്ചചെയ്യും. 

Tags:    
News Summary - vs achuthanandan, cpim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.