മലപ്പുറം: ‘‘കണ്ണേ കരളേ വി.എസ്സേ, അങ്ങേക്കായിരം അഭിവാദ്യങ്ങൾ, നൂറുചുവപ്പൻ അഭിവാദ്യങ്ങൾ’’ -മലപ്പുറം കിഴക്കേത്തലയിലെ എൽ.ഡി.എഫ് പൊതുസമ്മേളന വേദിയിലേക്ക് വെള്ളിയാഴ്ച വൈകുന്നേരം വി.എസ്. അച്യുതാനന്ദൻ കടന്നുവരുമ്പോൾ അസ്തമയച്ചോപ്പിനൊപ്പം ചെങ്കൊടികൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. ജില്ലയിൽ വി.എസിെൻറ ഏക പരിപാടിയിൽ പ്രിയസഖാവിനെ ഒരു നോക്കു കാണാൻ മണിക്കൂറുകൾക്ക് മുമ്പെ തടിച്ചുകൂടിയ ജനക്കൂട്ടം ആവേശത്താൽ ഇളകിമറിഞ്ഞു. 96കാരനായ നേതാവിനെ കൈപിടിച്ചു കയറ്റാൻ എൽ.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയിലെ ഇളമുറക്കാരൻ കൂടിയായ വി.പി. സാനുവും.
പത്ത് മിനിറ്റ് നേരം വേദിയിലിരുന്ന ശേഷം 6.50ഓടെ വി.എസ്. സംസാരം തുടങ്ങി. എഴുതിത്തയാറാക്കിയ 20 മിനിറ്റ് പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ കണക്കിന് ശാസിച്ചു. ഭരണഘടനയിലും ഭരണഘടന സ്ഥാപനങ്ങളിലും കൈവെക്കാൻ മടിയില്ലാത്ത ബി.ജെ.പി രാജ്യത്തെ ശിഥിലമാക്കുകയാണ്. മതനിരപേക്ഷത തകർത്ത് വർഗീയ കലാപങ്ങൾക്ക് കോപ്പ് കൂട്ടുന്നു. സ്വന്തക്കാർക്ക് വേണ്ടി പൊതുഖജനാവ് മലർക്കെ തുറന്നിട്ടിരിക്കുകയാണ് നരേന്ദ്ര മോദി.
കോടികൾ ചാക്കിൽ കെട്ടി വിജയ് മല്യയും നീരവ് മോദിയും രാജ്യം വിട്ടു. ഞാൻ കള്ളനാണെന്ന് അഭിമാനത്തോടെ നേതാവ് പറയുമ്പോൾ ഞങ്ങളും കള്ളന്മാരാണെന്ന് ഏറ്റുവിളിക്കുന്ന ശിങ്കിടികൾ നാട് കുട്ടിച്ചോറാക്കുകയാണ്. ആലിബാബയേയും കള്ളന്മാരെയും പോലെ കൊള്ളസംഘമായി കേന്ദ്ര സർക്കാർ മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയപ്പെട്ടു. റഫാൽ എന്നാൽ കളവ് എന്നാണ് അർഥമെന്ന് കുട്ടികൾ പൊലും കരുതുന്നു. കടക്കെണിയിൽപ്പെട്ട് കർഷകർ ജീവനൊടുക്കുന്നത് കാണാൻ ചൗക്കിദാർക്ക് കണ്ണില്ല. ദലിതരെയും ഇതര മതവിഭാഗക്കാരെയും തെരുവിൽ തല്ലിക്കൊല്ലുന്നു.
ബുദ്ധിജീവികളും എഴുത്തുകാരും ഫാഷിസ്റ്റുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. വർഗീയ വിഷം ആളിക്കത്തിച്ച് വീണ്ടും അധികാരത്തിലെത്താനാണ് ശ്രമം. ബി.ജെ.പിയെന്ന ദുരന്തത്തെ അധികാരത്തിൽ കൊണ്ടുവന്നത് കോൺഗ്രസ് നടത്തിയ അഴമതിയാണ്. ഇടതുപക്ഷത്തിെൻറ കരുത്ത് വർധിപ്പിക്കാൻ എസ്.എഫ്.ഐ ദേശീയ പ്രസിഡൻറായ സാനു ജയിക്കണം. എതിർ സ്ഥാനാർഥിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും സ്ത്രീകളുടെ സുരക്ഷ ആരുടെ കൈകളിലാണ് ഭദ്രമെന്ന് ചിന്തിക്കണമെന്നും വി.എസ്. കൂട്ടിച്ചേർത്തു.
രാവിലെ തിരുവനന്തപുരത്ത് നിന്ന്് വിമാനമാർഗം കരിപ്പൂരിലെത്തിയ വി.എസ്, തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചു. വൈകുന്നേരം ആറോടെയണ് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസിനൊപ്പം കാർമാർഗം മലപ്പുറത്തേക്ക് തിരിച്ചത്.
പൊതുസമ്മേളനത്തിൽ സംസാരിച്ച ശേഷം സർവകലാശാല ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ അദ്ദേഹം രാത്രി അവിടെ തങ്ങി. ശനിയാഴ്ച രാവിലെ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ യാത്ര തിരിക്കും. മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, ടി.കെ. ഹംസ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ തുടങ്ങിയവരും മലപ്പുറത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.